ഉയര്‍ന്ന മര്‍ദ്ദം കാരണം ഇന്ധനപമ്പ് പൊട്ടി ഇന്ധനം ചോര്‍ന്ന് തീപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഏഴ് ലക്ഷത്തിലധികം വാഹനങ്ങള്‍ തിരിച്ചുവിളിച്ച് ഹോണ്ട. ഒക്ടോബര്‍ മാസത്തില്‍ ഇത് രണ്ടാം തവണയാണ് തകരാര്‍ മൂലം ഹോണ്ട വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നത്. 2023-24 മോഡല്‍ അക്കോര്‍ഡ് ആന്‍ഡ് അക്കോര്‍ഡ് ഹൈബ്രിഡ്, സിവിക്, സിവിക് ഹൈബ്രിഡ് 2025, CR-V ഹൈബ്രിഡ് 2023-2025 എന്നീ വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്. ഒക്ടോബര്‍ ആദ്യം സ്‌റ്റിയറിംഗ് പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 17 ലക്ഷം വാഹനങ്ങള്‍ ഹോണ്ട തിരിച്ചുവിളിച്ചിരുന്നു.
2023 ഫെബ്രുവരി മുതല്‍ 2024 സെപ്‌റ്റംബര്‍ വരെ ഇന്ധന ചോര്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ തുടര്‍ന്ന് മരണങ്ങളോ പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് ഹോണ്ട അറിയിച്ചു. തകരാറിലായ ഇന്ധന പമ്പ് ഡീലര്‍മാര്‍ പരിശോധിച്ച് സൗജന്യമായി മാറ്റി നല്‍കുമെന്നും കമ്പനി വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് 1-888-234-2138 എന്ന നമ്പറില്‍ കമ്പനിയുമായി ബന്ധപ്പെടാമെന്ന് അറിയിച്ചു.