വീസാ പ്രോസസിംഗില്‍ കാലതാമസം: കാനഡയിലേക്കുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; ഫാള്‍ സെമസ്റ്റര്‍ നഷ്ടമാകും

By: 600002 On: Oct 23, 2024, 10:11 AM


കാനഡയില്‍ ഫെഡറല്‍ സര്‍ക്കാര്‍ സ്റ്റഡി പെര്‍മിറ്റ്‌ സംവിധാനം കൂടുതല്‍ കര്‍ശനമാക്കിയതോടെ ആയിരക്കണക്കിന്‌ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്‌. കാനഡയില്‍ വരാനിരിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക്‌ ഫാള്‍ സെമസ്റ്റര്‍ നഷ്ടമായതായാണ്‌ റിപ്പോര്‍ട്ട്‌. സ്‌റ്റഡി പെര്‍മിറ്റ്‌ സംവിധാനത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ മാറ്റങ്ങള്‍ മൂലമുള്ള അനിശ്ചിതത്വവും വീസാ കാലതാമസവുമാണ്‌ കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ ഇടിവിന്‌ കാരണമെന്ന്‌ കോളേജ്‌ അധികൃതര്‍ പറഞ്ഞു.

ജനുവരിയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക്‌ അനുവദിക്കുന്ന സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണം കുറയ്‌ക്കുമെന്ന്‌ ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക്‌ മില്ലര്‍ 10 ശതമാനം കൂടി പെര്‍മിറ്റുകളുടെ എണ്ണം കുറയ്‌ക്കുമെന്ന്‌ പ്രഖ്യാപിച്ചു.

ഈ ഫാള്‍ സെമസ്റ്ററില്‍ 1600 പുതിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടുമെന്ന്‌ പ്രതീക്ഷിച്ചിരുന്നതായി ഒന്റാരിയോ കിംഗ്‌സ്‌റ്റണിലെ സെന്റ്‌ ലോറന്‍സ്‌ കോളേജ്‌ പ്രസിഡന്റ്‌ ഗ്ലെന്‍ വോള്‍ബ്രെഗ്‌റ്റ്‌ പറയുന്നു. എന്നാല്‍ നിലവില്‍ 775 പേര്‍ മാത്രമാണ്‌ കോഴ്‌സുകളില്‍ ചേര്‍ന്നത്‌. പല വിദ്യാര്‍ത്ഥികള്‍ക്കും വിസ ലഭിക്കുന്നതില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ ഫീസിനെ കൂടുതലായി ആശ്രയിക്കുന്ന കേളേജുകള്‍ക്കും ഉന്നത പഠനത്തിനായി കാനഡയിലേക്ക്‌ വരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പുതിയ മാറ്റങ്ങള്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നതായി കോളേജ്‌ ആന്‍ഡ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ കാനഡ ഗവണ്‍മെന്റ്‌ റിലേഷന്‍സ്‌ ആന്‍ഡ്‌ പോളിസി ഡയറക്ടര്‍ മെക്കല്‍ മക്‌ഡൊണാള്‍ഡ്‌സ്‌ പറഞ്ഞു.