ടൊറന്റോ പോലീസ് സര്‍വീസിന്റെ 911 കമ്മ്യൂണിക്കേഷന്‍സ് സെന്ററില്‍ പ്രതികരണത്തിന് കാലതാമസമുണ്ടാകുന്നതായി ആരോപണം. സാധാരണ 12 മിനിറ്റ് സമയമാണ് സെന്ററിന് പ്രതികരിക്കാനെടുക്കുന്ന സമയം. ടൊറന്റോ പോലീസ് കമ്മ്യൂണിക്കേഷന്‍സ് സെന്ററിന്റെ 911 എന്ന നമ്പര്‍ നഗരത്തിലെ ആര്‍ക്കും അടിയന്തര സാഹചര്യത്തില്‍ വിളിക്കാവുന്ന ആദ്യ പോയിന്റാണ്. അതില്‍ മെഡിക്കല്‍, അഗ്നിബാധ, കുറ്റകൃത്യങ്ങള്‍ തുടങ്ങി ഏതൊരു അടിയന്തര സാഹചര്യത്തിലും വിളിക്കാം. എന്നാല്‍ പെട്ടെന്ന് പ്രതികരിക്കാന്‍ കാലതാമസം നേരിടുന്നത് ആളുകളെ നിരാശരാക്കുന്നുണ്ട്.
ഉദ്യോഗസ്ഥരുടെ കുറവാണ് കാലതമാസം നേരിടാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. സ്റ്റാഫ് റിക്രൂട്ട്‌മെന്റും സെന്ററിലെ ഉദ്യോഗസ്ഥരെ നിലനിര്‍ത്തുന്നതും ടൊറന്റോ പോലീസ് സര്‍വീസ് നേരിടുന്ന പ്രശ്‌നമായി തുടരുന്നുവെന്ന് ടൊറന്റോ പോലീസ് അസോസിയേഷന്‍ പ്രസിഡന്റ് കാംപെല്‍ പറയുന്നു. കൂടാതെ ജീവനക്കാര്‍ മെച്ചപ്പെട്ട ശമ്പളത്തിനായി ജോലി ഉപേക്ഷിക്കുന്നതും കാര്യക്ഷമമായ സേവനത്തിന് തടസ്സമുണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു.
2022 ലെ ടൊറന്റോ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ സ്‌റ്റാഫിംഗ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഹൈലൈറ്റ് ചെയ്യുന്നതിനിടെ കമ്മ്യൂണിക്കേഷന്‍ സെന്റര്‍ ഏകദേശം 1.1 മില്യണ്‍ 911 കോളുകളും 700,000 നോണ്‍-എമര്‍ജന്‍സി കോളുകളും കൈകാര്യം ചെയ്യുന്നതായി പറയുന്നു. 2018 നും 2021 നും ഇടയിലുള്ള ഡാറ്റ വിശകലനം ചെയ്‌ത ശേഷം ടൊറന്റോ പോലീസ് സര്‍വീസ് ശരാശരി 911 കോളുകളില്‍ 90 ശതമാനത്തിനും 15 സെക്കന്‍ഡിനുള്ളില്‍ ഉത്തരം നല്‍കാനുള്ള നാഷണല്‍ എമര്‍ജന്‍സി നമ്പര്‍ അസോസിയേഷന്റെ നിലവാരം പുലര്‍ത്തുന്നില്ലെന്ന് ഓഡിറ്റര്‍ ജനറലിന്റെ ഓഫീസ് കണ്ടെത്തി. കോള്‍ വോളിയവും സ്‌റ്റാഫിംഗ് ലെവലുമാണ് രണ്ട് വലിയ ഘടകങ്ങളെന്ന് അവര്‍ വ്യക്തമാക്കി. മറ്റ് പല ജൂറിസ്‌ഡിക്ഷനുകള്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.