2026 ഫിഫ ലോകകപ്പ്‌ പോസ്‌റ്റര്‍ രൂപകല്‍പ്പന ചെയ്യാന്‍ കലാകാരന്‍മാരെ തിരഞ്ഞ്‌ ടൊറന്റോ

By: 600002 On: Oct 22, 2024, 12:13 PM


2026 ഫിഫ ലോകകപ്പിനായി പോസ്‌റ്റര്‍ രൂപകല്‍പ്പന ചെയ്യാന്‍ പ്രാദേശിക കലാകാരനെ തിരയുകയാണ്‌ ടൊറന്റോ സിറ്റി. 2026 ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കുന്ന ലോകകപ്പിലെ ആറ്‌ മത്സരങ്ങള്‍ക്കാണ്‌ ടൊറന്റോ ആതിഥേയത്വം വഹിക്കുക. പോസ്‌റ്റര്‍ രൂപകല്‍പ്പന ചെയ്യാന്‍ ആഗ്രഹിക്കുന്ന കലാകാരന്മാര്‍ ഒക്ടോബര്‍ 16 ന്‌ 18 വയസോ അതില്‍ കൂടുതല്‍ പ്രായമുള്ളവരോ ആയിരിക്കണം. കൂടാതെ ടൊറന്റോയില്‍ താമസിക്കുന്നവരായിരിക്കണം.

അപേക്ഷിക്കാനാഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 29 ന്‌ രാത്രി 11.59 നകം വെര്‍ച്വല്‍ സബ്‌മിഷന്‍ ഫോം പൂരിപ്പിച്ച്‌ അപേക്ഷിക്കണം. സബ്‌മിഷനില്‍ 250 വാക്കുകളോ അതില്‍ കൂടുതലോ ഉള്ള ബയോഗ്രഫി, നേരത്തെ ചെയ്‌ത കലാസൃഷ്ടികളുടെ 10 പകര്‍പ്പുകള്‍ എന്നിവ സമര്‍പ്പിക്കണം. ഈ സാമ്പിളുകളില്‍ തിരിച്ചറിയാനാകുന്ന ആളുകളുടെ ചിത്രങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. താല്‍പ്പര്യമുള്ളവര്‍ക്ക്‌ ഒരു ബിസിനസിനെ പ്രതിനിധീകരിക്കുന്ന പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റോ ബിസിനസ്‌ ഇതര പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റോ ആയി അപേക്ഷിക്കാം.

അപേക്ഷകള്‍ ലഭിച്ചുകഴിഞ്ഞാല്‍ ഒരു പാനല്‍ അഞ്ച്‌ സെമി ഫൈനലിസ്റ്റുകളെ വരെ തിരഞ്ഞെടുക്കും. ഇവരുമായി നവംബര്‍ 25 ന്‌ ബന്ധപ്പെടും. തെരഞ്ഞെടുക്കപ്പെട്ട കലാകാരന്മാരെ പോസ്‌റ്റര്‍ ഡിസൈന്‍ നിര്‍ദേശത്തിനായി ക്ഷണിക്കും. ഇവര്‍ക്ക്‌ 2000 ഡോളര്‍ സ്‌റ്റൈപന്‍ഡും നല്‍കുമെന്ന്‌ സിറ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ https://www.toronto.ca/explore-enjoy/festivals-events/fifa-world-cup-26/poster-artist-open-c-all/ എന്ന ലിങ്ക്‌ സന്ദര്‍ശിക്കുക.