കാനഡയില്‍ ഇന്ത്യയുടെ ആക്ടിംഗ്‌ ഹൈക്കമ്മീഷണറായി ചിന്‍മോയ്‌ നായിക്കിനെ നിയമിച്ചു

By: 600002 On: Oct 22, 2024, 11:21 AM


കാനഡയിലെ ആക്ടിംഗ്‌ ഹൈക്കമ്മീഷണറായി ചിന്‍മോയ്‌ നായിക്കിനെ നിയമിച്ചതായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. കാനഡയുമായുള്ള നയതന്ത്ര തര്‍ക്കത്തിനിടെ മുന്‍ ഹൈക്കമ്മീഷണര്‍ സഞ്‌ജയ്‌ കുമാര്‍ വര്‍മ്മയെയും മറ്റ്‌ അഞ്ച്‌ ഉദ്യോഗസ്ഥരെയും ഇന്ത്യ തിരിച്ചുവിളിച്ചതിനെ തുടര്‍ന്നാണ്‌ നായിക്‌ ആക്ടിംഗ്‌ ഹൈക്കമ്മീഷണറായി നിയമിതനായത്‌. 2023 ഫെബ്രുവരി മുതല്‍ ഓട്ടവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷറാണ്‌ നായിക്‌.

ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലെ 2004 ബാച്ച്‌ ഉദ്യോഗസ്ഥനായ നായിക്‌ ബെയ്‌ജിംഗിലെയും പാരീസിലെയും ഇന്ത്യന്‍ എംബസിയില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്‌. യുറേഷ്യ, നിരായുധീകരണം, പുതിയ സാങ്കേതിക വിദ്യകള്‍, സാംസ്‌കാരിക നയതന്ത്രം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇന്ത്യയില്‍ നിയമിക്കുമ്പോള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്‌.