എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്കെതിരെ ആക്രമണ ഭീഷണിയുമായി ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്‌വന്ത് സിംഗ് പന്നൂന്‍. നവംബര്‍ 1നും 19 നും ഇടയില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ സഞ്ചരിക്കരുതെന്ന് പന്നൂന്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. സിഖ് വിരുദ്ധ കലാപത്തിന്റെ 40 ആം വാര്‍ഷികം അടുക്കവെയാണ് പന്നൂന്റെ ഭീഷണി സന്ദേശം. ഇന്ത്യയിലെ വിവിധ എയര്‍ലൈന്‍ കമ്പനികളുടെ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ഭീഷണിയുമായി പന്നൂന്‍ രംഗത്ത് വന്നിരിക്കുന്നത്.
ബീസി സറേയില്‍ ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണ സാഹചര്യത്തിലാണ് ഇന്ത്യയുടെ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണികളുണ്ടാകുന്നത്. എന്നാല്‍ ഇതുവരെ എയര്‍ലൈനുകള്‍ക്ക് ലഭിച്ച ഭീഷണി സന്ദേശമെല്ലാം വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.
മുന്‍പും പന്നൂന്‍ ഭീഷണികള്‍ മുഴക്കിയിരുന്നു. ഡിസംബര്‍ 13 ന് മുമ്പ് പാര്‍ലമെന്റിന് നേര്‍ക്ക് ആക്രമണം നടത്തുമെന്നായിരുന്നു അതിലൊന്ന്. തുടര്‍ന്ന് സുരക്ഷാ ഏജന്‍സികള്‍ സുരക്ഷ ശക്തമാക്കിയിരുന്നു.