കാൽഗറി യിലെ 13 ബെഡ്‌റൂമുള്ള വീട് ;വീടിന്റെ സ്ഥലപരിധിയെ ചൊല്ലി സോഷ്യൽ മീഡിയയിൽ തർക്കം

By: 600007 On: Oct 21, 2024, 4:28 PM

 

 
സോഷ്യൽ മീഡിയയിൽ ഒട്ടനവധി ആളുകളുടെ വിമർശനങ്ങൾക്ക് വിധേയമായിരിക്കുകയാണ്  കാൽഗറിയിൽ 13 കിടപ്പുമുറികളുള്ള ഒരു നിലയുള്ള  വീട് വിൽപ്പനയ്‌ക്ക് എന്ന പരസ്യം.
 
167 വിറ്റേക്കർ ക്ലോസ് NE-ൽ സ്ഥിതി ചെയ്യുന്ന വെറും 1,108 ചതുരശ്ര അടി ലിവിംഗ് സ്പേസിലുള്ള ഒറ്റനില വീട്ടിൽ 13 കിടപ്പുമുറികളുള്ളതായാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. 
$500,000 വിലയിട്ടിരിക്കുന്ന  വീടിന് അതിൻ്റെ പ്രധാന നിലയിൽ ആറ് കിടപ്പുമുറികളും ബേസ്‌മെൻ്റിൽ ഏഴ് കിടപ്പുമുറികളുമുണ്ട്. ഇൻ്റീരിയറിൻ്റെ ഫോട്ടോകളൊന്നും അഡ്വെർടൈസ്‌മെന്റിൽ  ലിസ്റ്റ് ചെയ്തിട്ടുമില്ല. പല മുറികളിലും ഏറ്റവും കുറഞ്ഞ ലിവിംഗ് സ്പേസ് ആണുള്ളത്.ഏറ്റവും ചെറിയ മുറിയിയ്ക്ക്  57 ചതുരശ്ര അടി മാത്രം വിസ്തീർണ്ണമാണുള്ളത്. റെഡ്ഡിറ്റിൽ വന്നിട്ടുള്ള ഈ അഡ്വർടൈസ്‌മെന്റ്ന്  താഴെ നിരവധി വെറുപ്പുളവാക്കുന്ന പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.  പലരും അതിൻ്റെ ചൂഷണ സ്വഭാവത്തെക്കുറിച്ച് ചോദിച്ചു  . മുറികളുടെ വലിപ്പം പലരെയും ഞെട്ടിച്ചു. ഉറുമ്പുകൾക്കുള്ള കിടപ്പുമുറികൾ ആണോ ഇതെന്ന് പോലും  ആളുകൾ ചോദിച്ചു. അത്യധികം മ്ലേച്ഛവും കൊള്ളയടിക്കുന്നതുമാണ് ഇതെന്ന് മറ്റൊരു ഉപയോക്താവ് സോഷ്യൽ മീഡിയയിൽ കുറിച്ചു. കിടപ്പുമുറിയെ ജയിൽ സെല്ലിനോടും ഉപമിച്ചവരുണ്ട്.
 
13 കിടപ്പുമുറികൾ കെട്ടിട സുരക്ഷാ കോഡുകൾ പാലിക്കുന്നതെങ്ങനെയെന്ന് ചോദ്യം ചെയ്തുകൊണ്ട് മറ്റുള്ളവർ വസ്തുവിൻ്റെ നിയമസാധുതയെ ഉയർത്തിക്കാട്ടി. വീട് താമസത്തിനായി നിയമപരമായി സോൺ ചെയ്തിട്ടുണ്ടോ? ഇത് ഫയർ കോഡ് പാലിക്കുന്നുണ്ടോ? എന്നിങ്ങനെ നീളുന്നു ചോദ്യങ്ങൾ. എന്തൊക്കെയായാലും നല്ലൊരു പൊങ്കാലയ്ക്ക് ഉള്ള വക തന്നെ റെഡ്ഡിറ്റിൽ ഈ  പോസ്റ്റിനു കീഴെ വന്നുകൊണ്ടിരിക്കുന്നുണ്ട്.
 
കാൽഗറി ഫയർ ഡിപ്പാർട്മെന്റിന് ഈ പ്രോപ്പർട്ടിയെക്കുറിച്ച് അറിയാമെന്നും  കാൽഗറിയുടെ ലാൻഡ് യൂസ്‌ ബൈലോയ്ക്കും ഫയർ, ബിൽഡിങ് കോഡുകൾക്കും അനുസൃതമാണോ എന്ന് അന്വേഷണം നടക്കുക്കുകയാണെന്നും കാൽഗറി സിറ്റി  അധികൃതർ പ്രതികരിച്ചിട്ടുണ്ട്.