രാജ്യത്ത്‌ ഭൂരിഭാഗം കനേഡിയന്‍ പൗരന്മാരും കുടിയേറ്റത്തെ പിന്തുണയ്‌ക്കുന്നില്ല; സര്‍വേ റിപ്പോര്‍ട്ട്‌

By: 600002 On: Oct 21, 2024, 1:36 PM



കുടിയേറ്റത്തെ പിന്തുണയ്‌ക്കുന്ന കനേഡിയന്‍ പൗരന്മാരുടെ എണ്ണം കുത്തനെ ഇടിഞ്ഞതായി സര്‍വേ റിപ്പോര്‍ട്ട്‌. പൊതുജനാഭിപ്രായം ദശാബ്ദങ്ങളിലെ ഏറ്റവും താഴ്‌ന്ന നിലയിലെത്തി. എണ്‍വയോണിക്‌സ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ നടത്തിയ സര്‍വേ പ്രകാരം, പത്തില്‍ ആറ്‌(58 ശതമാനം) കനേഡിയന്‍ പൗരന്മാരും വിശ്വസിക്കുന്നത്‌ കാനഡ വളരെയധികം കുടിയേറ്റക്കാരെ സ്വീകരിക്കുന്നുവെന്നാണ്‌. 2023 മുതല്‍ 14 ശതമാനം വര്‍ധനവാണ്‌ ഉണ്ടായിരിക്കുന്നത്‌. രണ്ടായിരത്തോളം കനേഡിയന്‍ പൗരന്മാരെ ഫോണ്‍ വഴിയാണ്‌ സര്‍വേ ചെയ്‌തത്‌.

മുമ്പ്‌, കനേഡിയന്‍ പൗരന്മാര്‍ക്ക്‌ കുടിയേറ്റത്തെക്കുറിച്ച്‌ അനുകൂലമായ വീക്ഷണമുണ്ടായിരുന്നു. കുടിയേറ്റം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ സംഭാവന നല്‍കുന്നുവെന്ന്‌ അവര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ കാഴ്‌ചപ്പാട്‌ മാറി. പൊതുജനാഭിപ്രായം മാറിമറിഞ്ഞു. രാജ്യേേത്തക്കുള്ള കുടിയേറ്റം പ്രശ്‌നമാണെന്നും ആശങ്കയുളവാക്കുന്നതാണെന്നും ഭൂരിഭാഗം പേരും പറയുന്നു.

കാല്‍നൂറ്റാണ്ടിനിടയില്‍ ആദ്യമായി, കനേഡിയന്‍ പൗരന്മാരില്‍ ഭൂരിപക്ഷം പേരും കുടിയേറ്റം കുത്തനെ ഉയര്‍ന്നതായി പറഞ്ഞു. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഈ വീക്ഷണം ശക്തിപ്പെട്ടതായി സര്‍വേയില്‍ പറയുന്നു. ഈ പ്രവണത രാജ്യത്തുടനീളം പ്രകടമാണ്‌. കുടിയേറ്റത്തെക്കുറിച്ചുള്ള ആശങ്കകള്‍ സമ്പദ്‌ വ്യവസ്ഥയെയും പാര്‍പ്പിട പ്രശ്‌നങ്ങളെയും കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കാനിടയാക്കുന്നു. സമീപകാലത്തായി കാനഡയിലേക്ക്‌ വന്‍തോതിലാണ്‌ കുടിയേറ്റക്കാര്‍ ഒഴുകിയത്‌. 2023 ല്‍ രാജ്യത്തിന്റെ ജനസംഖ്യാ വര്‍ധനവിന്റെ 97.6 ശതമാനവും അന്താരാഷ്ട്ര കുടിയേറ്റക്കാര്‍ മൂലമായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.