കാല്‍ഗറി റീസോണിംഗ്‌ നിയമം: വാര്‍ഡ്‌ 11 അംഗങ്ങള്‍ ഗ്ലെന്‍മോര്‍ പാര്‍ക്കില്‍ റാലി സംഘടിപ്പിച്ചു

By: 600002 On: Oct 21, 2024, 12:42 PM



നഗരത്തിലുടനീളം റീസോണിംഗ്‌ നിയമം പാസാക്കിയതോടെ ഭവന പദ്ധതികളെച്ചൊല്ലി ഹൗസിംഗ്‌ ഡെവലപ്പേഴ്‌സുമായി ഇടഞ്ഞ്‌ കാല്‍ഗറി കമ്മ്യൂണിറ്റികള്‍. കാല്‍ഗറിയിലെ വാര്‍ഡ്‌ 11 ലെ താമസക്കാര്‍ ശനിയാഴ്‌ച രാവിലെ കാല്‍ഗറി സിറ്റിയുടെ ബ്ലാങ്കറ്റ്‌ റീസോണിംഗിനെതിരെ ഗ്ലെന്‍മോര്‍ പാര്‍ക്കില്‍ റാലി സംഘടിപ്പിച്ചു. റീസോണിംഗ്‌ എല്ലാ കമ്മ്യൂണിറ്റികള്‍ക്കും വേണ്ടിയല്ലെന്ന്‌ കൗണ്‍സിലിനെ അറിയിക്കുമെന്ന്‌ സംഘാടകര്‍ പറഞ്ഞു. റീസോണിംഗ്‌ മാറ്റങ്ങള്‍ കമ്മ്യൂണിറ്റിയുടെ സ്ഥാപിത സ്വഭാവത്തെയും ഐക്യത്തെയും തടസ്സപ്പെടുത്തുമെന്ന്‌ പ്രതിഷേധത്തിനെത്തിയവര്‍ ആശങ്കപ്പെട്ടു.

സിറ്റി കൗണ്‍സില്‍ തീരുമാനമെടുത്തത്‌ വാര്‍ഡ്‌ 11 കമ്മ്യൂണിറ്റി അംഗങ്ങളുടെ ആഗ്രഹത്തിന്‌ വിരുദ്ധമായാണെന്ന്‌ താമസക്കാര്‍ പറഞ്ഞു. നിര്‍ദ്ദിഷ്ട റീസോണിംഗ്‌ പദ്ധതി അഫോര്‍ഡബിള്‍ ഹൗസിംഗ്‌ പ്രശ്‌നത്തെ ഫലപ്രദമായി പരിഹരിക്കില്ലെന്ന്‌ വാര്‍ഡ്‌ അംഗങ്ങള്‍ വാദിച്ചു. റീസോണിംഗ്‌ ചെയ്യുന്നത്‌ സമൂഹത്തിന്‌ ദോഷം ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബ്ലാങ്കറ്റ്‌ റീസോണിംഗ്‌ നയത്തിന്റെ പേരില്‍ സിറ്റിക്കെതിരെ 300 ലധികം കാല്‍ഗറി നിവാസികള്‍ കേസ്‌ ഫയല്‍ ചെയ്‌തിരുന്നു. ഈ കേസില്‍ ഈ മാസം ആദ്യം കോടതിയില്‍ ഹാജരായി. അടുത്ത ഹിയറിംഗ്‌ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ നടക്കും.