ഒന്റാരിയോ ലണ്ടനില്‍ ഊബര്‍, ലിഫ്‌റ്റ്‌ വാഹനങ്ങള്‍ക്ക്‌ സുരക്ഷാ പരിശോധന; 30 ശതമാനം പരാജയപ്പെട്ടു

By: 600002 On: Oct 21, 2024, 12:16 PM




ലണ്ടന്‍ സിറ്റിയില്‍ ഊബര്‍, ലിഫ്‌റ്റ്‌ കമ്പനികളുടെ റൈഡ്‌-ഷെയര്‍ വാഹനങ്ങള്‍ക്കായി നടത്തിയ സുരക്ഷാ പരിശോധനയില്‍ ഏകദേശം 30 ശതമാനത്തോളം വാഹനങ്ങളും പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്‌. സുരക്ഷാ പരിശോധനയില്‍ പരാജയപ്പെട്ട വാഹനങ്ങള്‍ക്കെല്ലാം അറ്റകുറ്റപ്പണികള്‍ നിര്‍ബന്ധമായും വേണമെന്ന്‌ ബൈലോ ഓഫീസര്‍മാര്‍ അറിയിച്ചു. കഴിഞ്ഞയാഴ്‌ച നടത്തിയ സുരക്ഷാ പരിശോധനയില്‍ ഊബറിലും ലിഫ്‌റ്റിലുമായി രജിസ്റ്റര്‍ ചെയ്‌ത 47 വാഹനങ്ങളാണ്‌ തിരഞ്ഞെടുത്തത്‌. വെഹിക്കുലാര്‍ ബൈലോ പിന്തുടരുന്നതില്‍ 13 ഡ്രൈവര്‍മാര്‍ പരാജയപ്പെട്ടു.

ഗതാഗത സേവനങ്ങള്‍ നല്‍കുന്നവര്‍ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്നും സ്വകാര്യ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്നും അവരുടെ സ്വകാര്യ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ റോഡിന്‌ അനുയോജ്യമാണെന്നും ഉറപ്പാക്കാന്‍ സിറ്റിക്ക്‌ വെഹിക്കിള്‍ ഫോര്‍ ഹയര്‍ ബൈലോ ഉണ്ട്‌. പരിശോധനയില്‍ പരാജയപ്പെട്ട വാഹനങ്ങളുടെ എണ്ണത്തില്‍ തങ്ങള്‍ വളരെ ആശങ്കാകുലരാണെന്ന്‌ മുനിസിപ്പല്‍ കംപ്ലയന്‍സ്‌ ഡയറക്ടറും ചീഫ്‌ മുനിസിപ്പല്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ്‌ ഓഫീസറുമായ ഒറെസ്റ്റ്‌ കറ്റോലിക്‌ പറയുന്നു. വിവിധ കാരണങ്ങളാണ്‌ വാഹനങ്ങള്‍ സുരക്ഷാ പരിശോധനയില്‍ പരാജയപ്പെടാന്‍ കാരണമായതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

ലണ്ടനില്‍ 7,500 ഓളം പ്രൈവറ്റ്‌ റൈഡ്‌-ഷെയര്‍ ഡ്രൈവര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്‌. പരിശോധനയില്‍ 80 പേരോടാണ്‌ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടത്‌. എന്നാല്‍ ഇതില്‍ പകുതിപേര്‍ മാത്രമാണ്‌ പരിശോധനയില്‍ പങ്കെടുത്തത്‌.