ദില്ലി: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. മരിച്ച അഞ്ചുപേര്‍ അതിഥി തൊഴിലാളികളാണ്. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഭീകരര്‍ക്കായി സുരക്ഷാ സേന തെരച്ചിൽ ഊര്‍ജിതമാക്കിയിട്ടുണ്ട്. അതിനിടെ, ബാരാമുള്ളയിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. ആക്രമണത്തെ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അപലപിച്ചു. ഭീകരർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാപറഞ്ഞു.
അതേസമയം, ദില്ലി രോഹിണിയിൽ സ്കൂളിലുണ്ടായ പൊട്ടിത്തെറിയിൽ കേന്ദ്ര ഏജൻസികളുടെയും ദില്ലി പൊലീസിന്റെയും അന്വേഷണം തുടരുന്നു. ഇന്നലെ പൊട്ടിത്തെയുണ്ടായ സ്ഥലത്തുനിന്നും ശേഖരിച്ച സാമ്പിളിന്റെ പ്രാഥമിക പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും. ഇതിലൂടെ ഏത് തരം സ്ഫോടക വസ്തുവാണ് ഉപയോഗിച്ചത് എന്നതടക്കമുള്ള വിവരങ്ങൾ സ്ഥിരീകരിക്കാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നത് തുടരുകയാണ്.