ഹവാന: പ്രധാന ഊർജ്ജ പ്ലാൻറ് പണിമുടക്കിയതോടെ ഇരുട്ടിലായി ഈ കമ്യൂണിസ്റ്റ് രാജ്യം. 10 മില്യൺ ആളുകളാണ് ക്യൂബയിലെ നിലവിലെ വൈദ്യുതി പ്രതിസന്ധിയിൽ സാരമായി ബാധിച്ചിരിക്കുന്നത്. വെള്ളിയാഴ്ച 11 മണിയോടെയാണ് ക്യൂബയുടെ പവർ ഗ്രിഡ് പണിമുടക്കിയതെന്നാണ് ഊർജ്ജ വകുപ്പ് സാമൂഹ്യമാധ്യമങ്ങളിൽ വിശദമാക്കിയിരിക്കുന്നത്. വൈദ്യുതി പുനസ്ഥാപിക്കാൻ എത്ര താമസം വരുമെന്ന കാര്യം ഇനിയും വ്യക്തമല്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്. ദൈർഘ്യമുള്ള പവർ കട്ടുകളുമായി വലഞ്ഞ ദ്വീപ് രാഷ്ട്രത്തിലെ ജനത്തിനെ അക്ഷരാർത്ഥത്തിൽ ഇരുട്ടിലാക്കുന്നതാണ് പുതിയ തകരാറെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ക്യൂബയിലെ ഏറ്റവും വലിയ ഊർജ്ജ പ്ലാൻറായ അന്റോണിയോ ഗുട്ടെറസ് പവർ പ്ലാന്റാണ് വെള്ളിയാഴ്ച പണിമുടക്കിയത്. നിലവിലെ സാഹചര്യത്തിന് പരിഹാരം കാണുന്നതിനാണ് പ്രാഥമിക പരിഗണനയെന്നാണ് ക്യൂബയുടെ പ്രസിഡന്റ് മിഗേൽ ഡയസ് കനേൽ ബെർമുഡേസ് പ്രതികരിക്കുന്നത്. വൈദ്യുതി പുനസ്ഥാപിക്കുന്നത് വരെ വിശ്രമിക്കില്ലെന്നാണ് ക്യൂബൻ പ്രസിഡന്റ് എക്സിൽ കുറിച്ചിരിക്കുന്നത്. വൈദ്യുതി പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ പ്രാരംഭ ഘട്ടത്തിലാണെന്നാണ് ഊർജ്ജമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. പല വൈദ്യുത പ്ലാൻറുകളുടെ പ്രവർത്തനം ആരംഭിക്കാൻ ഉതകുന്ന വൈദ്യുതി ഉൽപാദിപ്പിക്കാൻ ആയിട്ടുണ്ടെന്നാണ് അധികൃതർ വിശദമാക്കുന്നത്. സ്കൂളുകൾ, നൈറ്റ് ക്ലബ്ബുകൾ അടക്കമുള്ളവയ്ക്കും മറ്റ് അനിവാര്യമല്ലാത്ത പ്രവർത്തനങ്ങൾക്കും തിങ്കളാഴ്ച വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.