ടെൽ അവീവ്: വസതിയ്ക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് ശേഷം ആദ്യ പ്രതികരണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഒന്നും നമ്മളെ പിന്തിരിപ്പിക്കില്ല' എന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേൽ ഈ യുദ്ധത്തിൽ വിജയിക്കാൻ പോകുകയാണെന്നും സമൂഹ മാധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോ പ്രസ്താവനയിൽ നെതന്യാഹു വ്യക്തമാക്കി. സിസേറിയയിലെ തൻ്റെ വീടിന് നേരെ ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് നെതന്യാഹുവിന്റെ പ്രതികരണം.
ഹമാസ് തലവൻ യഹ്യ സിൻവാർ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമാണ് ബെഞ്ചമിൻ നെതന്യാഹുവിന്‍റെ വസതി ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടന്നത്. ഈ സമയത്ത് നെതന്യാഹു വസതിയിൽ ഉണ്ടായിരുന്നില്ലെന്നും ആക്രമണത്തിൽ ആളപായമില്ലെന്നും അദ്ദേഹത്തിന്‍റെ വക്താവ് അറിയിച്ചിരുന്നു. യുഎവി (unmanned aerial vehicle) ആക്രമണമാണ് നടന്നതെന്നും ആളപായമില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസും അറിയിച്ചിരുന്നു. ഡ്രോൺ വിക്ഷേപിച്ചത് ലെബനനിൽ നിന്നാണെന്നാണ് ഇസ്രായേൽ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്