കാനഡയുടെ സാമ്പത്തിക ഉല്‍പ്പാദന പ്രതിസന്ധി പരിഹരിക്കാന്‍ ഫെഡറല്‍, പ്രവിശ്യാ സര്‍ക്കാരുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കണമെന്ന് ആല്‍ബെര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്‌മിത്ത്. പ്രധാന പ്രോജക്ട് അപ്രൂവല്‍, ഇന്റര്‍-പ്രൊവിന്‍ഷ്യല്‍ വ്യാപാര തടസ്സങ്ങള്‍ എന്നിവയ്‌ക്കുള്ള പരിഹാരവും ഫെഡറല്‍, പ്രൊവിന്‍ഷ്യല്‍ സര്‍ക്കാരുകള്‍ ഒന്നുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ സാധ്യമാകൂവെന്നും സ്‌മിത്ത് കാല്‍ഗറിയില്‍ നടന്ന പ്രൊഡക്‌റ്റിവിറ്റിയെക്കുറിച്ചുള്ള ദേശീയ കോണ്‍ഫെറന്‍സില്‍ സംസാരിക്കവേ പറഞ്ഞു.
എല്ലാ സര്‍ക്കാരും ഈ രാജ്യത്തെ എല്ലാ തലത്തിലും ഒരേ ദിശയിലേക്ക് വലിക്കേണ്ടതുണ്ട്. വളരെയധികം റെഗുലേറ്ററി റോഡ്‌ബ്ലോക്കുകളും ചുവപ്പ്‌നാടയില്‍ കുടുങ്ങിക്കിടക്കുന്ന പദ്ധതികളുമുണ്ട്. ചരക്കുകളുടെയും സേവനങ്ങളുടെയും തൊഴിലാളികളുടെയും സ്വതന്ത്രമായ ചലനത്തിന് വളരെയധികം തടസ്സങ്ങളുണ്ട്. ഇതെല്ലാം അഭിമുഖീകരിക്കേണ്ടതുണ്ട്. നിരവധി നികുതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം നേരിടേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇരു സര്‍ക്കാരുകളും ഒന്നിച്ച് നിന്നാല്‍ മാത്രമേ എളുപ്പത്തില്‍ പ്രശ്‌ന പരിഹാരമുണ്ടാവുകയുള്ളൂവെന്ന് സ്‌മിത്ത് വ്യക്തമാക്കി.
ഉല്‍പ്പാദന ക്ഷമത മെച്ചപ്പെടുത്തുക എന്നത് മാത്രമാണ് ജിഡിപി ഉയര്‍ത്താനുള്ള പോംവഴി. കൂടാതെ വേതനവും ജീവിത നിലവാരവും ഉയര്‍ത്താന്‍ സഹായിക്കുന്നതിനും പണപ്പെരുപ്പത്തെ ചെറുക്കുന്നതിനും സഹായിക്കുന്നത് പ്രൊഡക്‌റ്റിവിറ്റിയാണെന്ന് സ്‌മിത്ത് കൂട്ടിച്ചേര്‍ത്തു.