ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയുടെ കാരണം, രോഗനിര്‍ണയം, പരിചരണം, ചികിത്സ എന്നിവയെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് കാനഡയിലെ 99 ശതമാനം ആളുകളും കരുതുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ഹാര്‍ട്ട് ആന്‍ഡ് സ്‌ട്രോക്ക് ഫൗണ്ടേഷന്‍ ഓഫ് കാനഡ നടത്തിയ വോട്ടെടുപ്പില്‍, 10 പേരില്‍ ആറ് പേര്‍ ഹൃദ്രോഗം, അല്ലെങ്കില്‍ സ്‌ട്രോക്ക് മൂലം കഷ്ടത അനുഭവിക്കുന്നവരാണ്. അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ രോഗം ഉള്ളവരാണ്. അതേസമയം, കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ ഹൃദ്രോഗവും, സ്‌ട്രോക്കും മൂലമുള്ള മരണനിരക്ക് 75 ശതമാനം കുറഞ്ഞുവെന്ന് പത്തില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് അറിയുന്നത്.
കാനഡയില്‍ ആളുകളുടെ മരണങ്ങളില്‍ രണ്ടാമത്തെ പ്രധാന കാരണം ഹൃദ്രോഗവും സ്‌ട്രോക്കുമാണെന്ന് ഹാര്‍ട്ട് ആന്‍ഡ് സ്‌ട്രോക്ക് ഫൗണ്ടേഷന്‍ പറയുന്നു. രാജ്യത്തുടനീളമുള്ള 3.5 മില്യണിലധികം ആളുകള്‍ സ്‌ട്രോക്ക് അല്ലെങ്കില്‍ ഹൃദ്രോഗ ബാധിതരാണ്. കഴിഞ്ഞ കുറച്ച് ദശകങ്ങളില്‍ അവിശ്വനീയമായ പുരോഗതി ഹൃദ്രോഗ, സ്‌ട്രോക്ക് രോഗനിര്‍ണയ, ചികിത്സ, പരിചരണം എന്നിവയിലുണ്ടായിട്ടുണ്ടെന്ന് ഹാര്‍ട്ട് ആന്‍ഡ് സ്‌ട്രോക്ക് ഫൗണ്ടേഷന്‍ സിഇഒ ഡഗ് റോത്ത് പറഞ്ഞു. ഈ പുരോഗതിക്ക് ഗവേഷണങ്ങള്‍, സംവിധാനങ്ങളുടെ മാറ്റം, പൊതുഅവബോധം എന്നിവ കാരണമായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹൃദ്രോഗത്തിനും സ്‌ട്രോക്കിനുമുള്ള അപകട ഘടകങ്ങളിലൊന്നാണ് ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നും രാജ്യത്തെ പ്രായമായവരില്‍ നാലിലൊന്ന് പേരെയും ഇത് ബാധിക്കുന്നുണ്ടെന്നും ഫൗണ്ടേന്‍ ചൂണ്ടിക്കാട്ടി. രക്തസമ്മര്‍ദ്ദവും സ്‌ട്രോക്ക്, ഹൃദ്രോഗ സാധ്യത ഉയര്‍ത്തുന്നുണ്ട്.