ഗാസയില്‍ നിന്നും പലായനം ചെയ്യുന്ന അയ്യായിരത്തിലധികം പാലസ്‌തീനിയന്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യാന്‍ കാനഡ തയാറെടുക്കുമ്പോള്‍ അഭയാര്‍ത്ഥികളില്‍ ദുരുദ്ദേശ്യത്തോടെ വരുന്നവരെ കണ്ടെത്താനുള്ള രാജ്യത്തിന്റെ ഇമിഗ്രേഷന്‍ സിസ്‌റ്റത്തിന്റെ കാര്യക്ഷമതയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നുവരികയാണ്. ഐഎസ് ബന്ധമുള്ള തീവ്രവാദികള്‍ കാനഡയില്‍ എത്തി വര്‍ഷങ്ങളോളം താമസിക്കുകയും പിന്നീട് അറസ്റ്റ് ചെയ്യപ്പെടുകയും പോലുള്ള സംഭവങ്ങള്‍ കാനഡയുടെ ഇമിഗ്രേഷന്‍ സിസ്‌റ്റത്തെ ചോദ്യമുനയില്‍ നിര്‍ത്തിയിരുന്നു. കൂടാതെ പാക്കിസ്ഥാന്‍ സ്വദേശിയായ ഭീകരവാദി കാനഡയില്‍ എത്തിയത് സ്റ്റുഡന്റ് വിസ വഴിയാണെന്ന കണ്ടെത്തലുകളും സിസ്റ്റത്തിന്റെ പരാജയത്തെ തുറന്നുകാണിച്ചിരുന്നു.
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കാനഡയിലെത്തുന്ന പലസ്‌തീനിയന്‍ അഭയാര്‍ത്ഥികളില്‍ ദുരുദ്ദേശപരമായ ലക്ഷ്യത്തോടെ എത്തുന്നവരെ തിരിച്ചറിയുക എന്നത് വളരെ ബുദ്ധിമുട്ടേറിയതാണെന്ന് അധികൃതരും സമ്മതിക്കുന്നു. ഇമിഗ്രേഷന്‍ സിസ്‌റ്റം കുറച്ചുകൂടി കാര്യക്ഷമമാകേണ്ടതുണ്ടെന്നാണ് മിക്കവരുടെയും അഭിപ്രായം.
കാനഡയില്‍ പ്രവേശിക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം, ഹെല്‍ത്ത് കവറേജ് തുടങ്ങിയ ആനുകൂല്യങ്ങള്‍ കഴിഞ്ഞ ദിവസം ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍ പ്രഖ്യാപിച്ചിരുന്നു. എങ്കിലും കനേഡിയന്‍ മണ്ണില്‍ അവകാശപ്പെട്ടവര്‍ മാത്രം പ്രവേശിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഏതെങ്കിലും പുതിയ സുരക്ഷാ നടപടികളെക്കുറിച്ച് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി പലസ്‌തീനിയന്‍ അഭയാര്‍ത്ഥികളുടെ നീക്കത്തെ വിലയിരുത്താനും കനേഡിയന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുമായി ഒരു മള്‍ട്ടി-സ്റ്റേജ് സ്‌ക്രീനിംഗ് അപ്രോച്ച് നടപ്പിലാക്കിയതായി ഐആര്‍സിസി പ്രസ്‌താവനയല്‍ പറഞ്ഞു.
കൂടാതെ അപേക്ഷകര്‍ നല്‍കുന്ന ബയോഗ്രാഫിക് ഇന്‍ഫര്‍മേഷന്റെ അടിസ്ഥാനത്തില്‍ ഗാസയിലായിരിക്കുമ്പോള്‍ തന്നെ വ്യക്തിയുടെ പ്രാഥമിക സുരക്ഷാ സ്‌ക്രീനിംഗ് നടത്താന്‍ സാധിക്കുമെന്നും ഐആര്‍സിസി വ്യക്തമാക്കി.