സ്ത്രീകളുടെ ഡീപ്ഫേക്ക് വീഡിയോകൾ നിർമ്മിച്ചത് 40 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള 50 എഐ ബോട്ടുകൾ

By: 600007 On: Oct 18, 2024, 3:16 PM

നാല്പത് ലക്ഷത്തിലധികം ഉപയോക്താക്കളുള്ള വെറും 50 ബോട്ടുകള്‍ ചേര്‍ന്നാണ് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഡീപ് ഫേക്ക് വീഡിയോകളും ചിത്രങ്ങളും നിര്‍മ്മിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് ഉപയോഗിച്ച് ഒരു ടെലഗ്രാം ബോട്ട് സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയെന്ന് ഡീപ്ഫേക്ക് വിദഗ്ധന്‍ ഹെന്‍റി അജ്‍ഡർ കണ്ടെത്തി, നാല് വർഷത്തിന് ശേഷമണ് പുതിയ വെളിപ്പെടുത്തല്‍. വെറും അമ്പത് ബോട്ടുകളിലായി 40 ലക്ഷം ഉപയോക്താക്കളിലേക്ക് ഇത്തരം നഗ്നചിത്രങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ വലിയ ആശങ്കയാണ് ഉയര്‍ത്തിയത്. അതേസമയം ഈ 50 ബോട്ടുകളും ഇപ്പോഴും സജീവമാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

ഈ ബോട്ടുകള്‍ ഉപയോഗിച്ച് യഥാർത്ഥ ജീവിതത്തിലെ ആളുകളുടെ നഗ്ന ചിത്രങ്ങൾ സൃഷ്ടിക്കപ്പെട്ടു. മൂന്നോ നാലോ ക്ലിക്കുകള്‍ക്കുള്ളില്‍ ഫോട്ടോഗ്രാഫുകള്‍ എഡിറ്റ് ചെയ്യാന്‍ ഈ ബോട്ടുകള്‍ ഉപയോക്താക്കളെ സഹായിക്കുന്നു. ഇത് വസ്ത്രങ്ങളില്ലാത്ത രൂപങ്ങളും ലൈംഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായുള്ള ദൃശ്യങ്ങളും എഐയുടെ സഹായത്തോടെ കൃത്രിമമായി സൃഷ്ടിക്കുന്നു. രണ്ട് ബോട്ടുകൾക്ക് പ്രതിമാസം 4,00,000 -ത്തോളം ഉപയോക്താക്കളും 14 ഓളം ബോട്ടുകൾക്ക് 1,00,000 -ല്‍ കൂടുതൽ വരിക്കാരുമാണ് ഉള്ളതെന്നും ടെലഗ്രാം കമ്മ്യൂണിറ്റികളെ കുറിച്ചുള്ള വയർഡിന്‍റെ വിശകലനം ചൂണ്ടിക്കാട്ടുന്നു.

കുട്ടികളെ പോലും വെറുതെ വിടാത്ത ബോട്ടുകള്‍ ഉയർത്തുന്ന സാഹചര്യം ഭയാനകമാണെന്നാണ് ഹെന്‍റി അജ്‍ഡർ വിശേഷിപ്പിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെടുന്ന ബോട്ടുകൾ പെണ്‍കുട്ടികളെയും യുവതികളെയും സ്ത്രീകളെയും ചൂഷണം ചെയ്യാനാണ് ഉപയോഗിക്കപ്പെടുന്നത്. ഇത് ലൈംഗികതയെ അടിസ്ഥാനമാക്കിയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ 40 % വിദ്യാർത്ഥിനികളും അവരുടെ പഠന സ്ഥാപനങ്ങളിൽ ഡീപ്ഫേക്കുകൾക്ക് വിധേയരായതായി സെന്‍റർ ഫോർ ഡെമോക്രസി ആൻഡ് ടെക്നോളജി അടുത്തിടെ നടത്തിയ മറ്റൊരു സർവേ റിപ്പോർട്ട് അവകാശപ്പെട്ടു. ഇത് ഇത്തരം ബോട്ടുകളിലേക്ക് കൂടുതല്‍ ആളുകളെത്താന്‍ കാരണമായി. അതേസമയം ഈ ബോട്ടുകള്‍ സമൂഹത്തില്‍ പ്രത്യേകിച്ചും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതത്തില്‍ തീരാത്ത ദുരിതമാണ് തീര്‍ത്തതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.