ലോകത്ത് രണ്ട് ബില്ല്യൺ സ്ത്രീകൾക്ക് സാമൂഹിക സുരക്ഷാ പദ്ധതികളിൽ നിന്നുള്ള ആനുകൂല്യം ലഭിക്കുന്നില്ലെന്ന് യുണൈറ്റഡ് നേഷൻസ് വിമെന്‍ (United Nations Women). വലിയ സ്ത്രീ-പുരുഷ അസമത്വമാണ് ഇക്കാര്യത്തിൽ നിലനിൽക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിന( International Day for the Eradication of Poverty)ത്തിന് മുന്നോടിയായി ഇറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
രണ്ട് ബില്ല്യൺ സ്ത്രീകൾക്കും പെൺകുട്ടികൾക്കും പണമായിട്ടുള്ള ആനുകൂല്ല്യങ്ങളോ, തൊഴിലില്ലായ്മ വേതനമോ, പെൻഷനോ, ആരോഗ്യരംഗത്തെ ആനുകൂല്ല്യങ്ങളോ ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സർവേ റിപ്പോർട്ട് 2024 ഒക്‌ടോബർ 15 -നാണ് പുറത്തിറങ്ങിയത്.
2015 മുതൽ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, സാമൂഹിക സുരക്ഷാ പദ്ധതിയിലെ ആനുകൂല്യങ്ങളിൽ വലിയ ലിംഗ അസമത്വമാണുള്ളത് എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. പല വികസ്വര പ്രദേശങ്ങളിലും ഇത് വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. സ്ത്രീകളെയും കുട്ടികളെയും പിന്നിലാക്കി പുരുഷന്മാരിലേക്കാണ് ആനുകൂല്യങ്ങൾ കൂടുതലായും എത്തിപ്പെടുന്നത് എന്നാണ് ഈ പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.