അടുത്ത ആരോഗ്യ അടിയന്തരാവസ്ഥയ്‌ക്ക്‌ തയാറായിരിക്കാന്‍ കാനഡയ്‌ക്ക്‌ മുന്നറിയിപ്പ്‌

By: 600002 On: Oct 18, 2024, 1:13 PM



അടുത്ത ആരോഗ്യ അടിയന്തരാവസ്ഥയ്‌ക്ക്‌ തയാറെടുക്കാന്‍ കാനഡ ഇപ്പോള്‍ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങണമെന്ന മുന്നറിയിപ്പ്‌ നല്‍കി പുതിയ പാന്‍ഡെമിക്‌ റിപ്പോര്‍ട്ട്‌. കോവിഡ്‌ പാന്‍ഡെമിക്കില്‍ നിന്ന്‌ കാനഡ പഠിക്കേണ്ടതും അടുത്ത പാന്‍ഡെമികിന്‌ മുമ്പ്‌ നടപടി എടുക്കേണ്ടത്‌ അത്യാവശ്യമാണെന്നും ഡോക്ടര്‍മാരും ഗവേഷകരും ഉള്‍പ്പെട്ട വിദഗ്‌ധ സമിതി റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

കഴിഞ്ഞ അഞ്ച്‌ വര്‍ഷമായി നമ്മള്‍ അനുഭവിച്ചതിന്‌ സമാനമായ രീതിയില്‍ എന്തെങ്കിലും ആരോഗ്യ അടിയന്തരാവസ്ഥ നേരിടേണ്ടി വന്നേക്കാമെന്ന്‌ മിക്ക ഗവേഷകരും കരുതുന്നുണ്ടെന്ന്‌ റിപ്പോര്‍ട്ടിന്‌ നേതൃത്വം നല്‍കിയ ആറ്‌ ഗവേഷകരില്‍ ഒരാളായ ഡോ.ഫഹദ്‌ റസാഖ്‌ പറഞ്ഞു. പാന്‍ഡെമിക്‌ സമയത്തുണ്ടായ പ്രതികരണങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ ആഗോള തലത്തില്‍ സമീപകാലത്തുണ്ടായതും നിലവിലെയും ആരോഗ്യ മേഖലയിലെ സംഭവവികാസങ്ങള്‍ പലതും സൂചിപ്പിക്കുന്നത്‌ തയാറെടുപ്പ്‌ നിര്‍ണായകമാണെന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രൊവിന്‍സുകളും ടെറിറ്ററികളും ഫെഡറല്‍ സര്‍ക്കാരും തമ്മില്‍ രോഗ നിരീക്ഷണം, ഹോസ്‌പിറ്റലൈസേഷന്‍ ഡാറ്റ, ഗവേഷണ കണ്ടെത്തലുകള്‍ എന്നിവ സംബന്ധിച്ച്‌ കൂടുതല്‍ ഫലപ്രദമായി ആശയവിനിമയം നടത്തേണ്ടതുണ്ടെന്ന്‌ 'ദി ടൈം ടു ആക്‌റ്റ്‌ നൗ' എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. കാനഡയ്‌ക്ക്‌ യുകെയില്‍ രൂപീകരിച്ചത്‌ പോലെയുള്ള സിംഗിള്‍ പെര്‍മനന്റ്‌ സയന്റിഫിക്‌ അഡ്വൈസറി ഗ്രൂപ്പ്‌ സൃഷ്ടിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.