അടുത്തയാഴ്‌ച ബാങ്ക്‌ ഓഫ്‌ കാനഡ കുത്തനെ പലിശ നിരക്ക്‌ കുറച്ചേക്കുമെന്ന്‌ സാമ്പത്തിക വിദഗ്‌ധരുടെ പ്രവചനം

By: 600002 On: Oct 18, 2024, 12:37 PM




ബാങ്ക്‌ ഓഫ്‌ കാനഡ അടുത്ത പോളിസി പലിശ നിരക്ക്‌ ഒക്ടോബര്‍ 23 ബുധനാഴ്‌ച പ്രഖ്യാപിക്കാനിരിക്കുകയാണ്‌. ഇത്തവണ പലിശനിരക്ക്‌ കുത്തനെ കുറയ്‌ക്കാനാണ്‌ ബാങ്കിന്റെ ശ്രമമെന്ന്‌ സാമ്പത്തിക വിദഗ്‌ധര്‍ പ്രവചിക്കുന്നു. ഈ ആഴ്‌ച ആദ്യം സ്റ്റാറ്റിസ്റ്റിക്‌സ്‌ കാനഡ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ രാജ്യത്തിന്റെ പണപ്പെരുപ്പ നിരക്ക്‌ 1.6 ശതമാനമായി കുറഞ്ഞുവെന്നാണ്‌. ഇത്‌ ബാങ്ക്‌ ഓഫ്‌ കാനഡയുടെ ലക്ഷ്യമായ രണ്ട്‌ ശതമാനത്തേക്കാള്‍ കുറവാണ്‌. ഇത്‌്‌ ഉടന്‍ തന്നെ നിരക്ക്‌ കുറയ്‌ക്കുമെന്ന നിലവിലുള്ള ഊഹാപോഹങ്ങള്‍ക്ക്‌ ബലമേകുന്നു.

50-ബേസിസ്‌ പോയിന്റ്‌ വെട്ടിക്കുറച്ചാല്‍ കാനഡയുടെ ഓവര്‍നൈറ്റ്‌ ലെന്‍ഡിംഗ്‌ റേറ്റ്‌ 3.75 ശതമാനമായി കുറയും. 2022 ഡിസംബറിന്‌ ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിരക്കായിരിക്കുമിതെന്ന്‌ സാമ്പത്തിക വിദഗ്‌ധര്‍ പറയുന്നു.

യുഎസിലെ പണപ്പെരുപ്പ നിരക്ക്‌ സഹോദര വിപണിയായ കാനഡയെയും ബാധിക്കുന്നുണ്ട്‌. പ്രതീക്ഷിച്ചതിലും ശക്തമായ യുഎസ്‌ പണപ്പെരുപ്പ സംഖ്യകളും അതിര്‍ത്തിയുടെ ജോബ്‌ റിപ്പോര്‍ട്ടുകളും കാരണം ബോണ്ട്‌ യീല്‍ഡുകളില്‍ സമീപ ആഴ്‌ചകളില്‍ 3 ശതമാനം മുകളില്‍ ചാഞ്ചാട്ടമുണ്ടായതായി സാമ്പത്തിക വിദഗ്‌ധര്‍ പറയുന്നു.