കഴിഞ്ഞ പത്ത് വര്‍ഷത്തിലേറയായി കനേഡിയന്‍ സര്‍ക്കാരുമായി 26 ഓളം കുറ്റവാളികളെ കൈമാറാനുള്ള അഭ്യര്‍ത്ഥനകള്‍ തീര്‍പ്പാക്കാനുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇതില്‍ ഖലിസ്ഥാനി തീവ്രവാദികളുടെയും ഇന്ത്യ അന്വേഷിക്കുന്ന കുറ്റവാളികളുടെയും അപേക്ഷകള്‍ ഉള്‍പ്പെടുന്നുവെന്ന് മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. കാനഡയുടെ ഭാഗത്ത് നിരവധി ക്രിമിനലുകളുടെ തീര്‍പ്പുകല്‍പ്പിക്കാത്ത നിരവധി താല്‍ക്കാലിക അറസ്റ്റ് അഭ്യര്‍ത്ഥനകളുമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ദീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം പുതിയ തലത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍.
ഗുര്‍ജീത് സിംഗ്, ഗുര്‍പ്രീത് സിംഗ്, ലഖ്‌ബീര്‍ സിംഗ്, അര്‍ഷ്‌ദീപ് സിംഗ് തുടങ്ങിയവരാണ് ഭീകരതയ്‌ക്കും മറ്റ് അനുബന്ധ കുറ്റകൃത്യങ്ങള്‍ക്കും കുറ്റാരോപിതരായ ചിലര്‍. ഇവരുമായും സുരക്ഷയുമായും ബന്ധപ്പെട്ട വിവരങ്ങള്‍ കനേഡിയന്‍ സര്‍ക്കാരുമായി പങ്കിട്ടിട്ടുണ്ടെന്നാണ് ഇന്ത്യയുടെ അവകാശവാദം. കൈമാറല്‍ അഭ്യര്‍ത്ഥനകളില്‍ ഭീകരസംഘടനയുടെ തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയും സംഘവും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ട്രൂഡോ സര്‍ക്കാരിനോട് ഇവരെ അറസ്‌റ്റ് ചെയ്യണമെന്നും അല്ലെങ്കില്‍ നിയമപ്രകാരം ഇവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു.
ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തില്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യാന്‍ തങ്ങള്‍ കാനഡയുമായി ചില അഭ്യര്‍ത്ഥകള്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ പ്രധാന ആശങ്കകളില്‍ കാനഡ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ജയ്‌സ്വാള്‍ ആരോപിച്ചു.