അപ്പ്‌ ഫ്രണ്ട്‌ പേ സിസ്റ്റം: ടൊറന്റോ എയര്‍പോര്‍ട്ടില്‍ ഊബര്‍ ഡ്രൈവര്‍മാരുടെ പ്രതിഷേധം

By: 600002 On: Oct 18, 2024, 8:30 AM




ടൊറന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‌ പുറത്ത്‌ ഊബര്‍ ഡ്രൈവര്‍മാരു
ടെ പ്രതിഷേധം. യാത്രക്കാര്‍ക്ക്‌ കാലതാമസം വരുത്തുകയല്ല, മറിച്ച്‌ ഊബറിന്റെ പുതിയ അപ്പ്‌ ഫ്രണ്ട്‌ പേ സിസ്റ്റം ഡ്രൈവര്‍മാര്‍ക്ക്‌ എങ്ങനെ പണച്ചെലവ്‌ വരുത്തുന്നുവെന്നത്‌ സംബന്ധിച്ച്‌ അവബോധമുണ്ടാക്കാനാണ്‌ പ്രതിഷേധം സംഘടിപ്പിച്ചതെന്ന്‌ ഡ്രൈവര്‍മാര്‍ പറഞ്ഞു. പ്രതിഷേധം നടത്താന്‍ ഗ്രേറ്റര്‍ ടൊറന്റോ എയര്‍പോര്‍ട്ട്‌ അതോറിറ്റിയുടെ അനുമതി ഡ്രൈവര്‍മാര്‍ക്ക്‌ ലഭിച്ചിരുന്നു.

തങ്ങള്‍ നടത്തിയത്‌ ഒരു ബോധവത്‌കരണ ക്യാമ്പയിനാണെന്നും സമരമല്ലെന്നും റൈഡ്‌ഷെയര്‍ ഡ്രൈവേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഒന്റാരിയോ പ്രസിഡന്റ്‌ ജോര്‍ജ്‌ വെഡ്‌ജ്‌ പറഞ്ഞു. ഊബറിന്റെ അപ്പ്‌ ഫ്രണ്ട്‌ പേ അല്‍ഗോരിതം ഡ്രൈവര്‍മാര്‍ക്ക്‌ എങ്ങനെ ചെലവ്‌ വരുത്തുന്നുവെന്നതിനെക്കുറിച്ച്‌ ഉപഭോക്താക്കളെയും പൊതുജനങ്ങളെയും ബോധവാന്മാരാക്കുക എന്നതാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ അദ്ദേഹം വ്യക്തമാക്കി. ഒക്ടോബര്‍ 8 ന്‌ ഊബര്‍ അപ്പ്‌ ഫ്രണ്ട്‌ പേ അല്‍ഗോരിതം പുറത്തിറക്കിയതിന്‌ ശേഷം വേതനത്തില്‍ കുറവ്‌ വന്ന ഡ്രൈവര്‍മാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ അസോസിയേഷന്‍ പറഞ്ഞു.