കാനഡയിലെ സിഖ് കമ്മ്യൂണിറ്റികളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയിലാണെന്ന് ബീസിയിലെ സിഖ് ആരാധനാലയത്തിലെ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാന്‍കുവറിലെയും ടൊറന്റോയിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ അടച്ചുപൂട്ടണമെന്നും സംഘടന ആവശ്യപ്പെട്ടു. ഖലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും നിലവില്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള തര്‍ക്കങ്ങളും മൂലം തങ്ങളുടെ കമ്മ്യൂണിറ്റിക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നില്ലെന്ന് സംഘടന വ്യക്തമാക്കി. നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാര്‍ അറസ്റ്റിലായതും കാനഡയിലെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നതോടെ കാനഡയിലെ സിഖ് വംശജര്‍ ആശങ്കയിലാണെന്നും സംഘടന പറഞ്ഞു.
ഇന്ത്യയുടെ കോണ്‍സുലേറ്റുകള്‍ അടച്ചുപൂട്ടിയില്ലെങ്കില്‍ സിഖുകാരുടെ സുരക്ഷ ചോദ്യം ചെയ്യപ്പെടുമെന്ന് ഗുരുദ്വാരാ വക്താവ് ഗുര്‍കീരത് സിംഗ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം കാനഡ ഇന്ത്യന്‍ നയന്ത്രജ്ഞനെ പുറത്താക്കിയതിന് ശേഷം കാനഡയിലെ സിഖ് വംശജര്‍ക്ക് ഭീഷണി വര്‍ധിച്ചതായി ആര്‍സിഎംപി സൂചിപ്പിച്ചിരുന്നുവെന്ന് സിഖ് ഫോര്‍ ജസ്‌റ്റിസ് അഡ്വക്കസി ഗ്രൂപ്പിലെ അംഗമായ ജതീന്ദര്‍ സിംഗ് ഗ്രെവാള്‍ പ്രതികരിച്ചു.