ഇന്ത്യ-കാനഡ തര്‍ക്കം: വിസ അപേക്ഷകള്‍ അനിശ്ചിതത്വത്തില്‍; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ആശങ്കയില്‍

By: 600002 On: Oct 17, 2024, 1:30 PM



ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം വിസാ അപേക്ഷകളിലുള്ള നടപടികള്‍ വൈകിപ്പിച്ചേക്കും. പ്രധാന നയതന്ത്ര ഉദ്യോഗസ്ഥരെ ഇരുരാജ്യങ്ങളും പുറത്താക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്‌ത സാഹചര്യത്തില്‍ വിസാ നടപടികള്‍ പരിമിതപ്പെടുത്താനും കാലതാമസമുണ്ടാക്കാനും സാധ്യതയുണ്ടെന്ന്‌ നയതന്ത്ര വിദഗ്‌ധര്‍ പറഞ്ഞു. തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനുള്ള അവകാശം ഇന്ത്യയ്‌ക്കുണ്ടെന്ന്‌ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ആറ്‌ നയന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയ സാഹചര്യത്തില്‍ വിസാ നടപടികള്‍ നിര്‍വഹിക്കാനുള്ള സംവിധാനം, ഉദ്യോഗസ്ഥ ബലം എന്നിവ ഡെല്‍ഹിയിലെ കനേഡിയന്‍ സ്ഥാനപതികാര്യാലയത്തില്‍ പരിമിതപ്പെടും. വിതരണം ചെയ്യുന്ന വിസകളുടെ എണ്ണം വെട്ടിക്കുറയ്‌ക്കാന്‍ ഇതിടയാക്കും. വിസാ നടപടികള്‍ വൈകുന്നത്‌ കാനഡയില്‍ ഉപരിപഠനത്തിനും തൊഴിലിനുമായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സാരമായി ബാധിക്കും.

സാധാരണ വിസാ പ്രോസസിംഗ്‌ നാലോ ആറോ ആഴ്‌ചയാണെങ്കില്‍ ഈ സമയം ഇത്‌ ഇരട്ടിയാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റ്‌ ആയ കുല്‍ദീപ്‌ ബന്‍സാല്‍ പറയുന്നു. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ ഇപ്പോള്‍ തന്നെ വിസയ്‌ക്കായി അപേക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇന്ത്യ-കാനഡ തര്‍ക്കം തുടരുന്നത്‌ ടൂറിസ്റ്റ്‌ വിസകള്‍, വര്‍ക്ക്‌ പെര്‍മിറ്റ്‌, സ്റ്റുഡന്റ്‌ വിസ, സ്‌പൗസല്‍ ആപ്ലിക്കേഷന്‍ തുടങ്ങിയ എല്ലാ അപേക്ഷകളെയും ബാധിക്കുമെന്ന്‌ ബന്‍സാല്‍ കൂട്ടിച്ചേര്‍ത്തു.