ബെയ്റൂത്ത്: തെക്കൻ ലബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ ടൗൺ മേയറടക്കം 5 പേർ കൊല്ലപ്പെട്ടു. നബാത്തിയ നഗരത്തിലുണ്ടായ വ്യോമാക്രമണത്തിലാണ് ടൗൺ മേയർ കൊല്ലപ്പെട്ടത്. ഇസ്രയേൽ ആക്രമണത്തെ തുടർന്നുള്ള ദുരിതങ്ങൾ ചർച്ച ചെയ്യാൻ മേയറുടെ നേതൃത്വത്തിൽ യോഗം നടക്കുമ്പോൾ ആയിരുന്നു വ്യോമാക്രമണം.
ഇസ്രയേലിന്‍റെ ബോംബിംഗിൽ നബാത്തിയ മുനിസിപ്പൽ കെട്ടിടം തകർന്നു. നബാത്തിയയിലും പരിസര പ്രദേശങ്ങളിലുമായി 11 വ്യോമാക്രമണങ്ങളാണ് ഇസ്രയേൽ അടുത്തടുത്ത ദിവസങ്ങളിൽ നടത്തിയത്. പ്രദേശത്ത് തകർന്ന കെട്ടിടങ്ങൾക്ക് ഇടയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.