പലസ്തീൻ അനുകൂല ഗ്രൂപ്പായ സമിഡൗണിനെ തീവ്രവാദ സംഘടനയിലുൾപ്പെടുത്തി കാനഡ

By: 600007 On: Oct 16, 2024, 5:31 PM

കാനഡ ഗവൺമെൻ്റ് ഫലസ്തീൻ അനുകൂല ഗ്രൂപ്പായ സമിഡൗണിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചു.
 തീവ്രവാദ പ്രവർത്തനങ്ങൾ തുറന്നുകാട്ടുന്നതിനും അവരുടെ സാമ്പത്തിക സഹായം തടയുന്നതിനുമുള്ള യുഎസുമായുള്ള സംയുക്ത പ്രവർത്തനത്തിൻ്റെ ഭാഗമാണ് ഈ നീക്കമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രസ്താവനയിൽ പറഞ്ഞു.

ഫലസ്തീനിയൻ പ്രിസണർ സോളിഡാരിറ്റി നെറ്റ്‌വർക്ക് എന്നറിയപ്പെടുന്ന സമിഡൗണിന് പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പാലസ്തീനുമായി (പിഎഫ്എൽപി) അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതാണ് പ്രഖ്യാപനത്തിനു കാരണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.കാനഡ, യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ ലിസ്റ്റുചെയ്തിരിക്കുന്ന  ഭീകരസംഘടനയാണ് PFLP.


അക്രമാസക്തമായ തീവ്രവാദത്തിനോ ഭീകരവാദത്തിനോ തീവ്രവാദ ധനസഹായത്തിനോ കനേഡിയൻ സമൂഹത്തിലോ വിദേശത്തോ സ്ഥാനമില്ലെന്ന്   പബ്ലിക് സേഫ്റ്റി മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് 
വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇത്തരത്തിലുള്ള പ്രവർത്തനം കാനഡ ഒരിക്കലും  വെച്ചുപൊറുപ്പിക്കില്ലെന്ന   ശക്തമായ സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെൻ്റ്,
 പിഎഫ്എൽപിയുടെ അന്താരാഷ്ട്ര ധനസമാഹരണമായി പ്രവർത്തിക്കുന്ന സാമിഡൗണിനെ "ഒരു വ്യാജ ചാരിറ്റി" സംഘടനയായി   പ്രഖ്യാപിക്കുക മാത്രമല്ല അതിനെ   ആഗോള ഭീകരനായി പട്ടികപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞയാഴ്ച, കൺസർവേറ്റീവ് നേതാവ് പിയറി പൊയ്‌ലിവ്രെ, സമിഡൗണിനെ "നിരോധിക്കണമെന്ന്" കനേഡിയൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു . 2023 ഒക്‌ടോബർ 7-ന് നടന്ന  ഇസ്രയേലിനെതിരായ ഹമാസിൻ്റെ ആക്രമണത്തിൻ്റെ ഒരു വർഷം തികയുന്ന വേളയിൽ വാൻകൂവറിൽ സമിഡൗൺ സംഘടിപ്പിച്ച പ്രതിഷേധത്തിൻ്റെ ചുവടുപിടിച്ചാണ് പൊയ്‌ലിവ്രെ ഇത്തരം ഒരു ആവശ്യം സർക്കാരിനോട് ഉന്നയിച്ചത്. ആക്രമണത്തിൽ ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും തുടർന്നുള്ള  ഇസ്രായേലിന്റെ  പ്രത്യാക്രമണത്തിന് കാരണമാവുകയും ഗാസയിൽ 41,000 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു .

ഓൺലൈനിൽ പ്രചരിച്ച പ്രതിഷേധത്തിൻ്റെ വീഡിയോകളിൽ, ഒരു അജ്ഞാത മുഖംമൂടി ധരിച്ച സ്ത്രീ നൂറുകണക്കിന് ആളുകളുള്ള പ്രകടനത്തിന് നേതൃത്വം വഹിക്കുകയും ''ഡെത്ത് ടു കാനഡ ഡെത്ത് ടു യുണൈറ്റഡ് സ്റ്റേറ്റ്സ് ആൻഡ് ഡെത്ത് ടു ഇസ്രായേൽ''എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നതായും  ,കൂടാതെ  സംഘത്തിലെ ചിലർ കനേഡിയൻ പതാകകൾ കത്തിക്കുകയും ചെയ്തതായുമാണ്  
സിബിസി  റിപ്പോർട്ട് ചെയ്തത്. എന്നാൽ ആ വീഡിയോയുടെ ആധികാരികത സിബിസി  പരിശോദിച്ചിട്ടില്ലെന്നും പക്ഷെ മുദ്രാവാക്യം മുഴക്കുന്നത് സിബിസി  പത്രപ്രവർത്തകൻ വ്യക്തമായി കേട്ടതായും റിപ്പോർട്ട് ചെയ്തു.


 2023 ഒക്‌ടോബർ 7-ലെ ആക്രമണത്തെ "വീരവും ധീരവും" എന്ന് പ്രശംസിച്ചതിന്  സമിഡൗണിൻ്റെ അന്താരാഷ്ട്ര കോ-ഓർഡിനേറ്റർ ഷാർലറ്റ് കേറ്റ്‌സിനെ വാൻകൂവർ വിദ്വേഷ കുറ്റകൃത്യ അന്വേഷണത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തെ " നിയമപരമായ സൈനിക നടപടി " എന്ന് വിളിക്കുന്ന ഒരു പ്രസ്താവനയും സമിദൂൺ പോസ്റ്റ് ചെയ്തിരുന്നു.

സമിഡൗണിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാനുള്ള തീരുമാനത്തോട് പൂർണമായും യോജിക്കുന്നതായി ബിസി പ്രീമിയർ ഡേവിഡ് എബി പറഞ്ഞു.അക്രമം പ്രോത്സാഹിപ്പിക്കുകയും മഹത്വവൽക്കരിക്കുകയും ചെയ്യുന്ന ഗ്രൂപ്പുകൾക്ക് ബ്രിട്ടീഷ് കൊളംബിയയിൽ സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . 

ക്രിമിനൽ കോഡിന് കീഴിൽ സമിഡൗണിനെ ഒരു തീവ്രവാദ സ്ഥാപനമായി  ലിസ്റ്റുചെയ്തതിലൂടെ   ധനസഹായം, യാത്ര, റിക്രൂട്ട്‌മെൻ്റ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൾപ്പെടെ, ഗ്രൂപ്പുമായി ബന്ധപ്പെട്ട  പ്രവർത്തനങ്ങൾ കാനഡയിൽ  നിയമവിരുദ്ധമാണ്.