കാനഡയിലെ കുറ്റകൃത്യങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് ട്രൂഡോ

By: 600007 On: Oct 16, 2024, 7:26 AM

ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസിൽ ഇന്ത്യൻ ഹൈക്കമീഷണർ അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതിയാക്കാനുള്ള കാനഡ സർക്കാരിന്‍റെ നീക്കത്തിൽ തുടങ്ങിയ ഇന്ത്യ-കാനഡ നയതന്ത്ര 'യുദ്ധം' കനക്കുന്നതിൽ ആശങ്ക വർധിക്കുന്നു. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമീഷണർ അടക്കമുള്ള 6 ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഗൗരവമുള്ള ആരോപണങ്ങളാണെന്നും കുറ്റവാളികളെ നിയമ നടപടിക്ക് വിധേയരാക്കണമെന്നും കനേഡിയൻ പ്രതിപക്ഷ നേതാവ് പിയെർ പോളിയേവും ആവശ്യപ്പെട്ടു.കുറ്റവാളികളെ നിയമവ്യവസ്ഥക്ക് വിധേയരാക്കണം. 9 വർഷമായി ജനങ്ങളെ സംരക്ഷിക്കുന്നതിൽ ട്രൂഡോ  സർക്കാർ പരാജയപ്പെട്ടെന്നും ദേശീയ സുരക്ഷയും വിദേശ ഇടപെടലും ഗൗരവമായി എടുത്തില്ലെന്നും പിയെർ പോളിയേവ് കുറ്റപ്പെടുത്തി.കാനഡ ആസ്ഥാനമായുള്ള ഇന്ത്യൻ നയതന്ത്രജ്ഞരും കോൺസുലർ ഉദ്യോഗസ്ഥരും തങ്ങളുടെ ഔദ്യോഗിക സ്ഥാനങ്ങൾ ഉപയോഗിച്ച് ഇന്ത്യാ ഗവൺമെൻ്റിന് നേരിട്ടോ അവരുടെ പ്രോക്സികൾ മുഖേനയോ വിവരങ്ങൾ ശേഖരിക്കുന്നത് പോലുള്ള രഹസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു എന്നതിൻ്റെ തെളിവുകളും തങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് കമ്മീഷണർ മൈക്ക് ഡുഹേം ഒട്ടാവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.വ്യക്തികളെയും ബിസിനസുകളെയും നിർബന്ധിക്കുകയും ഇന്ത്യൻ സർക്കാരിന് വേണ്ടി പ്രവർത്തിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

 തെളിവുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയുമായി പങ്കുവെച്ചെന്നും ഇന്ത്യ ഇക്കാര്യം നിഷേധിക്കുകയായിരുന്നുവെന്നും ട്രൂഡോ ആരോപിച്ചു. അന്വേഷണവുമായി ഇന്ത്യ സഹകരിക്കാത്തതുകൊണ്ടാണ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതെന്നും കനേഡിയൻ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയും കാനഡയും തമ്മിൽ പതിറ്റാണ്ടുകളായി നല്ല ബന്ധമാണെന്ന് പറഞ്ഞ ട്രൂഡോ, പക്ഷേ കാനഡയുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നങ്ങൾ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും കൂട്ടിച്ചേർത്തു. നിലവിലെ സംഭവവികാസങ്ങളിൽ കാനഡയിലെ ഇന്ത്യൻ സമൂഹത്തിന്‍റെ ആശങ്ക മനസിലാകുമെന്ന് പറഞ്ഞ ട്രൂഡോ, പക്ഷേ കാനഡയുടെ സുരക്ഷയെ മുൻനിർത്തി ഇത്തരം നടപടികൾ അനിവാര്യമാണെന്നും വിവരിച്ചു.

കാനഡയ്ക്ക് ശക്തമായ മറുപടി നൽകുമെന്ന നിലപാടിലാണ് ഇന്ത്യ. ഇന്ത്യൻ ഉദ്യോഗസ്ഥരെ കേസിൽ പെടുത്താനുള്ള കനേഡിയൻ നീക്കം ശക്തമായി ചെറുക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഇന്ത്യ ആറ് കനേഡിയൻ ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെ കാനഡയും ഇന്ത്യൻ ഹൈക്കമ്മീഷണർ അടക്കമുള്ളവരോട് രാജ്യം വിടാൻ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ ഉദ്യോഗസ്ഥർ ചാരപ്രവർത്തനം നടത്തിയെന്നും അക്രമങ്ങളിൽ പങ്കുണ്ടെന്നുമാണ് കനേഡിയൻ പൊലീസിന്റെ ആരോപണം.ഭീകര ഗ്രൂപ്പുകൾക്ക് കാനഡ നൽകുന്ന സഹായം ലോകവേദികളിൽ ഉന്നയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. മുതിർന്ന ഉദ്യോഗസ്ഥരെ ഇരു രാജ്യങ്ങളും പരസ്പരം പുറത്താക്കിയത് വീസ അടക്കമുള്ള നടപടികളെ ബാധിക്കാനാണ് സാധ്യത. കാനഡയിലെ ഇന്ത്യക്കാരടക്കമുള്ള തെക്കനേഷ്യക്കാർ സമാധാനം പാലിക്കണമെന്ന് കാനഡ ആവശ്യപ്പെട്ടിരുന്നു. 2023 ഒക്ടോബറിൽ കാനഡ ഇന്ത്യയിൽ നിന്ന് 40-ലധികം നയതന്ത്രജ്ഞരെ പിൻവലിച്ചിരുന്നു .കാനഡയുടെ ആരോപണത്തിന് തൊട്ടുപിന്നാലെ, 2023-ൽ ന്യൂയോർക്കിൽ മറ്റൊരു സിഖ് വിഘടനവാദി നേതാവിനെ വധിക്കാനുള്ള ശ്രമത്തിൽ ഇന്ത്യൻ ഏജൻ്റുമാർക്ക് പങ്കുണ്ടെന്ന് അമേരിക്ക അവകാശപ്പെട്ടു