ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യയുടെ ദില്ലി - ചിക്കാഗോ വിമാനം കാനഡയിലെ ഇഖാലൂട് വിമാനത്താവളത്തിൽ ഇറക്കി. എഐ 127 നമ്പർ വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്. യാത്രക്കാരെയും വിമാനവും സുരക്ഷാ മാനദണ്ഡ പ്രകാരം പരിശോധിച്ചെന്നും യാത്രക്കാരെ വിമാനത്താവളത്തിലേക്ക് മാറ്റിയെന്നും എയർ ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു. അടുത്തിടെ പല വിമാനങ്ങളിലും ഭീഷണിയുണ്ടായിട്ടുണ്ടെന്നും അതെല്ലാം വ്യാജമാണെന്ന് പരിശോധനയിൽ വ്യക്തമായതാണെന്നും വാർത്താക്കുറിപ്പിൽ കമ്പനി പറയുന്നു. എങ്കിലും ഭീഷണി സന്ദേശം ഗൗരവത്തോടെയാണ് കാണുന്നത്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് വിമാനത്തെയും യാത്രക്കാരെയും വീണ്ടും സ്‌ക്രീൻ ചെയ്യുന്നുണ്ടെന്നും യാത്ര തുടരുന്നത് വരെ വിമാനത്താവളത്തിലെ ഏജൻസികൾ യാത്രക്കാരെ സഹായിക്കുമെന്നും എയർലൈൻ അറിയിച്ചു.
ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഇന്ത്യൻ ഹൈക്കമീഷണർ അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതിയാക്കാനുള്ള കാനഡ സർക്കാരിന്‍റെ നീക്കത്തിൽ തുടങ്ങിയ ഇന്ത്യ-കാനഡ നയതന്ത്ര 'യുദ്ധം' കനക്കുന്നതിനിടയിലാണ് ബോംബ് ഭീഷണി. . കാനഡയും ഇന്ത്യയും നയതന്ത്രജ്ഞരെ പുറത്താക്കിയതിന് ഒരു ദിവസത്തിന് ശേഷമാണ് എയർ ഇന്ത്യ ഇഖാലൂട്ടിൽ വിമാനമിറങ്ങിയത് .ബോംബ് ഭീഷണിക്ക് പിന്നിൽ ആരാണെന്ന് നിലവിൽ സൂചനയില്ല.
ഏകദേശം 40 വർഷം മുമ്പ് കാനഡയ്ക്കും യുകെയ്ക്കും ഇടയിൽ പറക്കുന്നതിനിടെ മറ്റൊരു എയർ ഇന്ത്യ വിമാനം ബോംബ് ആക്രമണത്തിൽ പൊട്ടിത്തെറിച്ചിരുന്നു .കനേഡിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു അന്ന് നടന്നത് .