ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറയിലും രാജ്യത്തെ ഏറ്റവും വലിയ മരുഭൂമിയായ താറിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടി വിദഗ്ധർ. കഴിഞ്ഞ 50 വർഷത്തിനിടെ ആദ്യമായാണ് സഹാറ മരുഭൂമി ഇത്രയും വലിയ മഴക്ക് സാക്ഷ്യം വഹിക്കുന്നത്. വടക്കേ ആഫ്രിക്കൻ മരുഭൂമിയിലെ തെക്കുകിഴക്കൻ മൊറോക്കോ മേഖലയിൽ രണ്ട് ദിവസം തുടർച്ചയായാണ് കനത്ത മഴ പെയ്തത്.
തുടർന്ന് പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായി. വലിയ മഴ പ്രദേശത്തെ ആകെ മാറ്റിമറിച്ചു. ടാറ്റയ്ക്ക് ചുറ്റുമുള്ള പ്രദേശവും മൊറോക്കോയുടെ തലസ്ഥാന നഗരമായ റാബത്തിൽ നിന്ന് ഏകദേശം 450 കിലോമീറ്റർ അകലെയുള്ള ടാഗൗണൈറ്റ് ഗ്രാമത്തിലുമാണ് പെരുമഴ പെയ്തത്. ടാഗൗണൈറ്റിൽ 100 മില്ലിമീറ്റർ ലഭിച്ചു. ഒരു വർഷം പെയ്യുന്നതിലേറെ മഴയാണ് ഈ രണ്ട് ദിവസങ്ങലിൽ മാത്രം പെയ്തത്. വേനൽക്കാലത്തിന്റെ അവസാനമാണ് മഴ പെയ്തതെന്നും ശ്രദ്ധേയം.