
കൊക്കക്കോളയുടെ സീറോ ഷുഗർ എന്ന് ലേബൽ ചെയ്തിരിക്കുന്ന ക്യാനുകളിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതിനാൽ മിനിട്ട് മെയ്ഡ് സീറോ ഷുഗർ ലെമനേഡിൻ്റെ 13,152 കെയ്സുകൾ വിപണിയിൽ നിന്നും സ്വമേധയാ പിൻവലിച്ചതായി കൊക്കകോള കമ്പനി അറിയിച്ചു.
യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനുമായി (എഫ്ഡിഎ) ചേർന്ന് സെപ്റ്റംബർ 10 മുതലാണ് പിൻവലിക്കൽ ആരംഭിച്ചത്. ഇത്തരത്തിൽ വിപണിയിൽ നിന്നും പിൻവലിച്ച ഉത്പന്നങ്ങൾ ഉപയോഗിക്കുക വഴി താൽക്കാലികമായ പ്രതികൂല ആരോഗ്യ പ്രത്യാഘാതങ്ങൾഉണ്ടാവുകയോ അല്ലെങ്കിൽ ഭാവിയിൽ ഗുരുതരമായ ബുദ്ധിമുട്ടുകൾക്ക് കാരണം ആവുകയോ ചെയ്യുന്നതാകയാൽ ഇത്തരം തിരിച്ചു വിളിക്കലുകളെ ക്ലാസ് ll ലെവലിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രമേഹ സംബന്ധമായ അസുഖം ഉള്ളവർ ഇതുപോലെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഉൽപ്പന്നങ്ങൾ ഉപഭോഗം ചെയ്യുന്നതിലൂടെ ആരോഗ്യസ്ഥിതി അപകടകരമായേക്കാമെന്ന് ആരോഗ്യപ്രവർത്തകർ വ്യക്തമാക്കി. കൊക്കക്കോളയുടെ
പിൻവലിച്ച കാനുകൾ ഉപയോഗിക്കുക വഴി ഇതുവരെ അസുഖങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ രേഖപ്പെടുത്തിയിട്ടില്ലെന്ന് FDA റിപ്പോർട്ട് ചെയ്തു.
FEB1725CNA, FEB1725CNB കോഡുകൾ അടങ്ങിയ
കൊക്കക്കോളയുടെ
12-ഔൺസ് മിനിട്ട് മെയ്ഡ് സീറോ ഷുഗർ ലെമനേഡ് ക്യാനുകളാണ് പിൻവലിച്ചത്. ഇന്ത്യാന, കെൻ്റക്കി, ഒഹായോ എന്നിവിടങ്ങളിലെ റീട്ടെയിൽ സ്ഥലങ്ങളിലേക്കാണ് ഇവ അയച്ചത് .
തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ സ്റ്റോർ ഷെൽഫുകളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ കൊക്കകോളയോ എഫ്ഡിഎയോ നൽകിയിട്ടില്ല. ചിലപ്പോൾ അവ വിപണിയിൽ ഇപ്പോഴും വിൽപ്പനയ്ക്ക് ലഭ്യമായേക്കാം. ആയതിനാൽ വാങ്ങുന്നതിന് മുമ്പ് ലേബലുകൾ പരിശോധിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.. വാങ്ങിയ ഉൽപ്പന്നം വിപണിയിൽ നിന്നും പിൻവലിച്ചതാണെങ്കിൽ അത് നിരസിക്കുകയോ അല്ലെങ്കിൽ റീഫണ്ടിനായി വാങ്ങിയ സ്ഥലത്ത് തിരികെ നൽകുകയോ ചെയ്യുക .