അമേരിക്കന്‍ വന്‍കര കണ്ടെത്തിയ കൊളംബസ് ജൂത വംശജന്‍; 500 വർഷത്തെ നിഗൂഢത നീക്കിയത് ഡിഎന്‍എ പരിശോധന

By: 600007 On: Oct 14, 2024, 8:54 AM

ഒടുവില്‍ അഞ്ചൂറ് വര്‍ഷം നീണ്ട് നിന്ന ആ പ്രഹേളികയ്ക്കുള്ള ഉത്തരം സാങ്കേതി വിദ്യയുടെ സഹായത്തോടെ ഗവേഷകര്‍ കണ്ടെത്തി. അതെ അമേരിക്കന്‍ വന്‍കര യൂറോപ്പിന് കാട്ടിക്കൊടുത്ത ക്രിസ്റ്റഫർ കൊളംബസിന്‍റെ മൃതദേഹാവശിഷ്ടങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്.  സ്പെയിനിലെ സെവില്ലെ കത്തീഡ്രലിൽ നിന്ന് കണ്ടെത്തിയ മനുഷ്യ അവശിഷ്ടങ്ങൾ പ്രശസ്തനായ കപ്പലോട്ടക്കാരനും  പര്യവേക്ഷകനുമായ ക്രിസ്റ്റഫർ കൊളംബസിന്‍റെതാണെന്ന 20 വർഷത്തെ ഗവേഷണത്തിന് ശേഷമാണ് ഗവേഷകര്‍ ഉറപ്പിച്ചത്. ഫോറൻസിക് ശാസ്ത്രജ്ഞർ ഡിഎൻഎ വിശകലനത്തിലൂടെ ഇത് സ്ഥിരീകരിച്ചതെന്ന്  ഡെയ്ലി എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇതോടെ  1506-ൽ മരണമടഞ്ഞ ആ പര്യവേക്ഷകനെ കുറിച്ചുള്ള 500 വർഷം പഴക്കമുള്ള നിഗൂഢത ഒഴിഞ്ഞു. 


കൊളംബസ് ഇറ്റലിയിലെ ജനോവ സ്വദേശിയല്ലെന്നും ഗവേഷകര്‍ കണ്ടെത്തി. കൊളംബസ് പടിഞ്ഞാറൻ യൂറോപ്പിൽ നിന്നുള്ള സെഫാർഡിക് ജൂത വംശജനായിരുന്നു. സ്‌പെയിനിലെ വാലെൻസിയ ആകാം അദ്ദേഹത്തിന്‍റെ ജന്മദേശമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.  15 -ാം നൂറ്റാണ്ടിന്‍റെ അവസാനം വടക്കൻ ആഫ്രിക്ക അടക്കം ഓട്ടോമൻ സാമ്രാജ്യത്തിന്‍റെ ഭാഗമായ ദേശങ്ങളിലേക്കും ഫ്രാൻസ്, ഇംഗ്ലണ്ട്, ഇറ്റലി, ബാൽക്കൺ പ്രദേശങ്ങളിലേക്കും കുടിയേറിയവരാണ് സെഫാർഡിക് ജൂതർ. സ്‌പെയിനിലും പോർച്ചുഗലിലുമായി ജീവിച്ച ക്രിസ്റ്റഫര്‍ അന്ന് സ്പെയിന്‍ രാജാവില്‍ നിന്നുമുണ്ടായ മതപീഡനങ്ങളിൽ നിന്ന് രക്ഷനേടാൻ തന്‍റെ ജൂത വ്യക്തിത്വം മറച്ചുവയ്ക്കുകയോ കത്തോലിക്കാ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയോ ചെയ്തിരിക്കാമെന്നും ഗവേഷകർ കരുതുന്നു.

കൊളംബസിന്‍റെ ആദ്യകാല ജീവിതത്തെ കുറിച്ച് വളരെ പരിമിതമായ അറിവേ ഉണ്ടായിരുന്നൊള്ളൂ. കൊളംബസിന്‍റെ ജന്മദേശത്തെ കുറിച്ചും തര്‍ക്കമുണ്ടായിരുന്നു. അദ്ദേഹം പോർച്ചുഗീസോ ക്രൊയേഷ്യനോ ഗ്രീക്കോ - പോളിഷ് വംശജനോ ആകാമെന്നായിരുന്നു കരുതിയത്. എന്നാല്‍ അദ്ദേഹം ജൂതവംശജനാണെന്ന് പുതിയ പഠനം പറയുന്നു. ക്യൂബ വഴി സ്‌പെയിനിലേക്കെത്തിയ ക്രിസ്റ്റഫര്‍ 1506ൽ  54 -ാം വയസിൽ സ്‌പെയിനിലെ വല്ലഡാലിഡില്‍ വച്ച് അന്തരിച്ചു. കരീബിയൻ ദ്വീപായ ഹിസ്‌പാനിയോളയിൽ അന്ത്യവിശ്രമം വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. 1542 -ൽ മൃതദേഹാവശിഷ്ടങ്ങൾ അവിടെ എത്തിച്ചു. എന്നാൽ, 1795 -ൽ ക്യൂബയിലേക്കും 1898 -ൽ സെവിയയിലേക്കും മൃതദേഹം മാറ്റി.