ന്യുയോർക്ക്: ലോകത്തെ ഏറ്റവും ധനികരായ ഗായികമാരുടെ പട്ടികയുടെ തലപ്പത്ത് ഇനി ടെയ്‌ലർ സ്വിഫ്റ്റ് ഇരിക്കും. ഇതുവരെ ഒന്നാമതായിരുന്ന റിഹാനയെ പിന്തള്ളിക്കൊണ്ടാണ് ടെയ്‌ലർ സ്വിഫ്റ്റ് സ്വപ്ന നേട്ടത്തിലെത്തിയത്. ഫോബ്‌സ് മാസിക ഏറ്റവും ഒടുവിലായി പുറത്തുവിട്ട റിപ്പോർട്ടിലാണ് ടെയ്‌ലറിന്‍റെ കുതിച്ചുചാട്ടം. ടെയ്‌ലറിന് 1.6 ബില്യൻ ഡോളർ ആസ്തിയുണ്ടെന്നാണ് ഫോബ്‌സ് മാഗസിന്റെ ശതകോടീശ്വരന്മാരുടെ ഔദ്യോഗിക കണക്ക് പറയുന്നത്. പാട്ടുകളുടെയും സ്റ്റേജ് ഷോകളുടെയും മൂല്യം മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകളാണിത്.
ഇത്രയും കാലം ഒന്നാം സ്ഥാനത്ത് റിഹാനയായിരുന്നു. കഴിഞ്ഞ ഒരു വർഷം കൊണ്ട് ആസ്തിയിൽ വമ്പൻ കുതിപ്പ് നടത്തിയാണ് ടെയ്‌ലർ, റിഹാനയെ പിന്തള്ളി ഒന്നാം സ്ഥാനമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഒറ്റ വർഷത്തിൽ 500 മില്യൺ ഡോളറിന്റെ വർധനവാണ് ടെയ്‌ലറിന് ഉണ്ടായിരിക്കുന്നതെന്നാണ് ഫോബ്സ് മാഗസീൻ പറയുന്നത്.
2023 ഒക്ടോബർ മുതലാണ് ടെയ്‌ലറിന്റെ ആസ്തിയിൽ വമ്പൻ കുതിപ്പുണ്ടാകാൻ തുടങ്ങിയത്. The Eras Tour എന്ന പേരിലെ ലോകപര്യടനം ആരംഭിച്ചതാണ് ഇവർക്ക് വലിയ നേട്ടമായതെന്നാണ് വിലയിരുത്തൽ. കാരണം ഇതിന് ശേഷമാണ് ഗായികയുടെ വരുമാനം ഇത്രയധികം വർധിച്ചതെന്നാണ് കണക്കുകൾ പറയുന്നത്.
കഴിഞ്ഞ വർഷം മാർച്ച് 17 നാണ് ടെയ്‌ലർ പാട്ടുമായി യു എസിൽ നിന്നും ലോകയാത്ര ആരംഭിച്ചത്. ഫോബ്‌സിന്റെ കണക്കുകൾ അനുസരിച്ചാണെങ്കിൽ ഇതിൽനിന്ന് മാത്രം ഏകദേശം 600 മില്യൺ ഡോളറിനടുത്ത് ടെയ്‌ലർ സ്വിഫ്റ്റ് സമ്പാദിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് തന്റെ സംഗീത ആൽബങ്ങൾ ലോകമെമ്പാടും വിറ്റഴിച്ചതിലൂടെ നേടിയ സമ്പത്ത്. 152 വേദികൾ പിന്നിട്ട് ഈ വർഷം ഡിസംബറിൽ കാനഡയിൽ വച്ചാകും ടെയ്‌ലർ സ്വിഫ്റ്റിന്റെ The Eras Tour അവസാനിക്കുക.
പാട്ട് കൊണ്ടു മാത്രം ഇത്രയധികം പണം സമ്പാദിച്ച ചുരുക്കം ചിലരിൽ ഒരാളാണ് ടെയ്‌ലർ സ്വിഫ്റ്റ്. ഈ പട്ടികയിൽ രണ്ടാമതുള്ള റിഹാനയുടെ നിലവിലെ ആസ്തി 1.4 ബില്യൻ ഡോളറാണ്. 1.7 ബില്യൻ ഡോളറിൽനിന്നാണ് റിഹാനയുടെ സ്വത്ത് 1.4 ബില്യൻ ഡോളറായി ഇടിഞ്ഞതെന്നതും ശ്രദ്ധേയമാണ്.
ടെയ്‌ലറിന്‍റെ പാട്ടിന് ഇപ്പോൾ കോടികളുടെ മൂല്യമാണ്. ഒരു പരിപാടിയിൽ പങ്കെടുക്കാൻ അവർ വാങ്ങുന്ന പണം കേട്ടാൽ ആരും ഞെട്ടിപ്പോകും. ഈ വർഷം മാർച്ചിൽ അനന്ത് അംബാനി – രാധിക മെർച്ചന്റ് പ്രീവെഡ്ഡിങ് ആഘോഷവേളയിൽ പാടാനായി ഇന്ത്യയിൽ എത്തിയ റിഹാന പ്രതിഫലമായി വാങ്ങിയത് 74 കോടി രൂപയായിരുന്നു എന്നും ഇതിനൊപ്പം കൂട്ടിവായിക്കാം.