അമേരിക്കയില്‍ ഹാക്ക് ചെയ്യപ്പെട്ട  റോബോട്ട് വാക്വം ക്ലീനര്‍ വംശീയ അധിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട് !

By: 600002 On: Oct 12, 2024, 3:08 PM

 


യുഎസിലെ ഒന്നിലധികം നഗരങ്ങളിലെ റോബോട്ട് വാക്വം ക്ലീനിംഗ് മെഷീനുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഹാക്ക് ചെയ്യപ്പെട്ട ഒരു വാക്വം ക്ലീനര്‍ തനിക്കെതിരെ വംശീയ അധിക്ഷേപം നടത്തിയതായി വരെ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് നിര്‍മ്മിത ഇക്കോവാക്‌സ് ഡീബോട്ട് എക്‌സ് 2 വിലെ സുക്ഷാ പിഴവാണ് ഹാക്ക് ചെയ്യപ്പെടാന്‍ കാരണമായതെന്ന് ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റ് കോര്‍പ്പറേഷനില്‍ നിന്നുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

മിനസോട്ടയിലെ അഭിഭാഷകന്റെ വീട്ടിലെ വാക്വം ക്ലീനറാണ് ഹാക്ക് ചെയ്യപ്പെട്ട ഒന്ന്. പ്രവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ റേഡിയോ സിഗ്നല്‍ പോലെ എന്തോ ഒരു ശബ്ദം കേട്ടു. തുടര്‍ന്ന് ഇക്കോവാക്‌സ് ആപ്പ് പരിശോധിച്ചപ്പോള്‍ റിമോട്ട് കണ്‍ട്രോള്‍ അപരിചിന്റെ പക്കലുള്ളത് പോലെ കണ്ടെത്തി. ലൈവ് ക്യാമറയും ഓണായിരുന്നു. ഉടന്‍ തന്നെ അദ്ദേഹം പാസ്‌വേഡ് റീസെറ്റ് ചെയ്യുകയും വാക്വം റീബൂട്ട് ചെയ്യുകയും ചെയ്തു. എന്നാല്‍ റോബോട്ടിക് വാക്വം ക്ലീനറിലൂടെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തില്‍ ചില ശബ്ദങ്ങള്‍ പുറത്തേക്ക് വന്നതായി അഭിഭാഷകന്‍ പറഞ്ഞു. 

ഇക്കോവാക്‌സ് ഹാക്ക് ചെയ്യാന്‍ വളരെ എളുപ്പമാണെന്നും ഇത് കുറച്ചുകാലമായുള്ള പ്രശ്‌നമാണെന്നും Tech Crunch  റിപ്പോര്‍ട്ട് ചെയ്യുന്നു. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് ലോസ് ഏഞ്ചല്‍സിലെ ഒരു വീടിന് ചുറ്റും ഇക്കോവാക്‌സ് വാക്വം ക്ലീനര്‍ വളര്‍ത്തുനായയെ ഓടിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 


എബിസി റിപ്പോര്‍ട്ട് അനുസരിച്ച്, മെയ് മാസത്തില്‍ നടന്ന ഹാക്കിംഗ് സ്പ്രീ ഒന്നിലധികം നഗരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എത്ര വാക്വം ക്ലീനര്‍ മെഷീനുകളെ പ്രശ്‌നം ബാധിച്ചുവെന്ന് വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2000 ഡോളറിനടുത്താണ് ഒരു വാക്വം ക്ലീനറിന്റെ വില.