കൗണ്‍സില്‍ അംഗങ്ങള്‍ നടത്തിയ വിദേശയാത്രകള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നു. ഒന്റാരിയോ സിറ്റിയിലെ തെരഞ്ഞെടുക്കപ്പെട്ട അഗംങ്ങളാണ് ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലേക്ക് കൂടുതല്‍ സാമ്പത്തിക നിക്ഷേപം തേടി മൂന്ന് ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളില്‍ വിദേശ യാത്ര നടത്തിയത്. കാനഡയിലെ മറ്റ് പ്രവിശ്യകളിലെ അംഗങ്ങള്‍ നടത്തുന്നതിനേക്കാള്‍ കൂടുതല്‍ യാത്രകളാണ് ഇവര്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം ബ്രാംപ്ടണ്‍ മേയര്‍ പാട്രിക് ബ്രൗണും അദ്ദേഹത്തിന്റെ കൗണ്‍സിലര്‍മാരും കറാച്ചി, ദുബായ്, ഡബ്ലിന്‍, അനാഹൈം, ലിസ്‌ബെന്‍, ഡിട്രോയിറ്റ് എന്നിവടങ്ങള്‍ സന്ദര്‍ശിച്ചതായാണ് റിപ്പോര്‍ട്ട്. ഈ യാത്രകളില്‍ പ്രാദേശിക സ്റ്റാര്‍ട്ടപ്പുകളുടെ സന്ദര്‍ശനം, കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കല്‍, നയതന്ത്ര ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച എന്നിവ ഉള്‍പ്പെടുന്നു.
ബ്രാംപ്ടണ്‍ കൗണ്‍സിലര്‍മാര്‍ നടത്തുന്ന വിദേശയാത്രകളുടെ എണ്ണം പ്രവിശ്യയിലെ വലിയ നഗരങ്ങളായ മിസിസാഗയെയും ഓട്ടവയെയും അപേക്ഷിച്ച് വളരെ കൂടുതലാണെന്ന വിമര്‍ശനം ചിലര്‍ ഉന്നയിക്കുന്നുണ്ട്. ചെലവേറിയ യാത്രകള്‍ നടത്തുന്നതില്‍ പലയിടങ്ങളില്‍ നിന്നും പ്രതിഷേധങ്ങള്‍ ശക്തമായിട്ടുണ്ട്. വിവരവാകാശ പ്രകാരം ലഭ്യമാക്കിയ രേഖകള്‍ പ്രകാരം, ബ്രൗണിന്റെയും പാക്കിസ്ഥാനിലേക്കുള്ള ഒരു കൗണ്‍സിലറുടെയും യാത്രയ്ക്ക് 92,570.48 ഡോളറാണ് ചെലവഴിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡബ്ലിനിലേക്കുള്ള യാത്രയ്ക്ക് ചെലവായത് 60,000 ത്തിലധികം ഡോളറാണെന്നാണ് കണക്കുകള്‍. അതേസമയം, മറ്റ് യാത്രകളുടെ ബഡ്ജറ്റുകളും ചെലവുകളും സിറ്റി പുറത്തുവിട്ടിട്ടില്ല. കൂടാതെ, വിദേശരാജ്യങ്ങളില്‍ നടത്തിയ മീറ്റിംഗുകള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ ബ്രൗണിന്റെ വക്താവ് വിസ്സമതിക്കുകയും ചെയ്തു.