മോണ്‍ട്രിയലില്‍ സംഘടിത കുറ്റകൃത്യങ്ങളും കൗമാരക്കാരുടെ റിക്രൂട്ട്‌മെന്റും വര്‍ധിക്കുന്നു; നടപടി ശക്തമാക്കുമെന്ന് പോലീസ് 

By: 600002 On: Oct 12, 2024, 10:45 AM

 


മോണ്‍ട്രിയലില്‍ സംഘടിത കുറ്റകൃത്യങ്ങളും കുറ്റവാളി സംഘങ്ങളിലേക്കുള്ള കൗമാരക്കാരുടെ റിക്രൂട്ട്‌മെന്റും വര്‍ധിക്കുന്നതായി പോലീസ്. സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ഗ്യാങ്ങുകളിലേക്കുള്ള കൗമാരക്കാരുടെ റിക്രൂട്ട്‌മെന്റ് തടയുന്നതിനും മോണ്‍ട്രിയല്‍ പോലീസ് നടപടികള്‍ ശക്തമാക്കുന്നതായി വ്യക്തമാക്കി. കൗമാരക്കാരായ കുട്ടികള്‍ക്ക് ബോധവത്കരണം നടത്താന്‍ രക്ഷിതാക്കളോടും പോലീസിന് സഹായം നല്‍കാന്‍ ബിസിനസ് ഉടമകളോടും പോലീസ് ആവശ്യപ്പെടുന്നു. സമീപകാലത്തായി വ്യാപാരസ്ഥാപനങ്ങള്‍ക്ക് നേരെ ബോംബാക്രമണം നടത്തി കൊള്ളയടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയ സംഭവത്തില്‍ ഏഴ് പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് മേധാവി ഫാഡി ഡാഗറിന്റെ പ്രസ്താവന. 

മോണ്‍ട്രിയലിലെ സെന്റ് ലിയോനാര്‍ഡ് ബറോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തില്‍പ്പെട്ടവരെന്ന് കരുതുന്ന 14 നും 17 നും ഇടയില്‍ പ്രായമുള്ള ഏഴ് പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. ചെറുപ്പമാണെങ്കിലും കവര്‍ച്ച, തോക്ക് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍, തീവെപ്പ്, കൊള്ളയടിക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി അക്രമങ്ങള്‍ ഇവര്‍ നടത്തുന്നുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളില്‍ നിന്നും കൗമാരക്കാരെ തടയുന്നതിനായി നടപടികള്‍ ശക്തമാക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. 

നഗരത്തിലെ സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി മോണ്‍ട്രിയല്‍ പോലീസ് മറ്റ് പോലീസ് സേനകളുമായും പ്രവിശ്യയിലെ ക്രൗണ്‍ പ്രോസിക്യൂട്ടറുടെ ഓഫീസുമായും മറ്റ് വകുപ്പുകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡാഗര്‍ അറിയിച്ചു. കൂടാതെ വ്യാപാരികള്‍ തങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണമോ കവര്‍ച്ചയോ മറ്റ് ഭീഷണികളോ ഉണ്ടായാല്‍ പോലീസുമായി ബന്ധപ്പെടണമെന്ന് വ്യക്തമാക്കി. സ്ഥിതി കൂടുതല്‍ വഷളാകുന്നതിന് മുമ്പ് വേഗത്തില്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുക എന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് ഡാഗര്‍ വിശദീകരിച്ചു.