ഒന്റാരിയോയില്‍ ഉപഭോക്താവിന്റെ പാനീയത്തില്‍ തുപ്പിയ ഡോര്‍ഡൈഷ് ഡ്രൈവറെ പ്ലാറ്റ്‌ഫോമില്‍ നിന്നും പുറത്താക്കിയതായി കമ്പനി അറിയിച്ചു. ഡ്രൈവര്‍ പാനീയത്തില്‍ തുപ്പുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഡോര്‍ഡാഷിലൂടെ ഇഷ്ടപ്പെട്ട ഡ്രിങ്ക് ഓര്‍ഡര്‍ ചെയ്ത വിറ്റ്ബിയിലെ ജോര്‍ജ് ബിഷെയ്ക്കും കുടുംബത്തിനാണ് മോശം അനുഭവമുണ്ടായത്. പനി ബാധിച്ച മകനെ പരിചരിക്കുകയായിരുന്ന തങ്ങള്‍ ഡ്രിങ്ക് ഓര്‍ഡര്‍ ചെയ്യുകയയിരുന്നുവെന്ന് ബിഷെയ് പറഞ്ഞു. സെപ്തംബര്‍ 27 നാണ് സംഭവം നടന്നത്.
ഓര്‍ഡര്‍ നല്‍കിയപ്പോള്‍ ഡ്രൈവര്‍ക്ക് ആപ്പ് വഴി 18 ശതമാനം ടിപ്പ് നല്‍കിയതായും ബിഷെയ് പറഞ്ഞു. ഡ്രൈവര്‍ ഓര്‍ഡറുമായി എത്തിയെങ്കിലും ഡെലിവറി ചെയ്തതായി ആപ്പില്‍ കാണിക്കാത്തതിനെ തുടര്‍ന്ന് ഭാര്യ മുന്‍വാതിലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ തങ്ങള്‍ ഞെട്ടിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. പാനീയം നിറച്ച കപ്പിന്റെ ലിഡ് മാറ്റി ഡ്രൈവര്‍ അതില്‍ തുപ്പുന്നതായാണ് കണ്ടത്. ഇത് ഞെട്ടിച്ചതായി ബിഷെയ് പറഞ്ഞു.
ബിഷെയ് ആപ്പ് വഴി ഡ്രൈവറെ ബന്ധപ്പെട്ടു. തന്റെ പ്രവൃത്തിയില്‍ ഡ്രൈവര്‍ ക്ഷമാപണം നടത്തുകയും സ്വന്തം ചെലവില്‍ രണ്ട് പുതിയ ഡ്രിങ്ക്‌സ് ീട്ടിലേക്ക് എത്തിക്കാമെന്നും പറഞ്ഞു. ഈ സമയം ബിഷെയ് പോലീസില്‍ വിവരം റിപ്പോര്‍ട്ട് ചെയ്തു. ഡ്രൈവര്‍ മടങ്ങിയെത്തിയപ്പോള്‍ എന്തിനാണ് ഇത്തരത്തില്‍ നീചപ്രവൃത്തി ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്ന് പറഞ്ഞു. ഡ്രൈവര്‍ കുടുംബത്തോട് വീണ്ടും ക്ഷമാപണം നടത്തി.
സംഭവത്തില്‍ ഡ്രൈവറുടെ പെരുമാറ്റം തികച്ചും അസ്വീകാര്യമാണെന്ന് ഡോര്‍ഡാഷ് പ്രതിനിധി പ്രതികരിച്ചു. ഭക്ഷ്യസുരക്ഷയാണ് തങ്ങളുടെ മുന്‍ഗണനയെന്ന് കമ്പനി പറഞ്ഞു. ഉപഭോക്തൃ ഓര്‍ഡറുകളില്‍ കൃത്രിമം കാണിക്കുന്നതിനെ ഡോര്‍ഡാഷ് അംഗീകരിക്കുന്നില്ലെന്നും കമ്പനി വക്താവ് വ്യക്തമാക്കി. ഡ്രൈവറെ പ്ലാറ്റ്‌ഫോമില്‍ നിന്നും നീക്കം ചെയ്തതായും അറിയിച്ചു. അതേസമയം, സംഭവത്തില്‍ കേസെടുത്ത പോലീസ്, ഡ്രൈവര്‍ക്ക് 200 ഡോളര്‍ പിഴ ചുമത്തി.