ലോകത്തിലെ രുചികരമായ ഭക്ഷണങ്ങള്‍ കണ്ടെത്താന്‍ ചീഫ് ഈറ്റ്‌സ് ഓഫീസറായി നിയമനം; ഹോട്ടല്‍ റമദയില്‍ സുവര്‍ണാവസരം

By: 600002 On: Oct 11, 2024, 11:58 AM

 

ലോകമെമ്പാടുമുള്ള രുചി തേടിയുള്ള യാത്രയ്ക്ക് പുറപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിന്ദാമിന്റെ ഹോട്ടല്‍ ബ്രാന്‍ഡായ റമദയില്‍ സുവര്‍ണാവസരം. ചീഫ് ഈറ്റ്‌സ് ഓഫീസറായാണ് (CEO) നിയമനം. ഈ തസ്തികയിലേക്ക് തെരഞ്ഞെടുക്കുന്നവര്‍ക്ക് 15,000 ഡോളറാണ് പ്രതിഫലം. മൂന്നാഴ്ച വരെയാണ് നിയമനം. ലോകത്തിലെ ഏറ്റവും രുചികരമായ പ്രാദേശിക ഭക്ഷണങ്ങളും അവയുടെ പാചകരീതികളും അനുഭവങ്ങളും പര്യവേക്ഷണം ചെയ്യുക എന്നതാണ് ചീഫ് ഈറ്റ്‌സ് ഓഫീസറുടെ ജോലിയെന്ന് റമദ പറയുന്നു. യാത്രയ്ക്കിടെ പകര്‍ത്തിയ അനുഭവങ്ങളും ദൃശ്യങ്ങളും ബ്രാന്‍ഡിന്റെ വെബ്‌സൈറ്റിലും സോഷ്യല്‍മീഡിയ ചാനലുകളിലും പ്രദര്‍ശിപ്പിക്കുകയും ലോകമെമ്പാടുമുള്ള പ്രേക്ഷകരമായി പങ്കിടുകയും വേണം. 

മൂന്നാഴ്ചത്തെ യാത്രയില്‍ സിഇഒ ഏഴ് രാജ്യങ്ങള്‍ വരെ സന്ദര്‍ശിക്കും. യാത്രയുടെ ചുമതല റമദ വഹിക്കും. സിയോള്‍, ബല്‍ഫാസ്റ്റ്, ദുബായ്, പനാമ സിറ്റി, സാന്താ ബാര്‍ബറ, ഹോണോലുലു തുടങ്ങിയവയാണ് സന്ദര്‍ശിക്കാന്‍ സാധ്യതയുള്ള ചില സ്ഥലങ്ങള്‍. 

അപേക്ഷകര്‍ സിഇഒ ആകാന്‍ എന്തുകൊണ്ട് തെരഞ്ഞെടുക്കുന്നുവെന്ന് വിശദീകരിക്കുന്ന പൊതു ടിക്‌ടോക്ക് വീഡിയോ പോസ്റ്റ് ചെയ്യേണ്ടതുണ്ട്. കൂടാതെ വീഡിയോ makemeceo@ramada.com  ലേക്ക് മെയില്‍ ചെയ്യാവുന്നതാണ്. നിയമനം സംബന്ധിച്ച കൂടുകല്‍ നിബന്ധനകളും വ്യവസ്ഥകളും മറ്റ് വിശദാംശങ്ങളും റമദയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഡിസംബര്‍ 16 നോ അതിനടുത്തുള്ള ആഴ്ചയിലോ വിജയികളെ തിരഞ്ഞെടുക്കും.