കാനഡയിലെ ഇന്‍സോള്‍വന്‍സി റേറ്റ് കുതിച്ചുയരുന്നു 

By: 600002 On: Oct 11, 2024, 11:07 AM

 

 

കാനഡയിലെ ഉയര്‍ന്ന ജീവിതച്ചെലവും ഗാര്‍ഹിക ചെലവുകളും ആളുകളെ കടത്തിലേക്ക് തള്ളിവിടുന്നത് തുടരുന്നതിനാല്‍ രാജ്യത്തെ ഇന്‍സോള്‍വന്‍സി റേറ്റ് കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. കനേഡിയന്‍ അസോസിയേഷന്‍ ഓഫ് ഇന്‍സോള്‍വന്‍സി ആന്‍ഡ് റീസ്ട്രക്ചറിംഗ് പ്രൊഫഷണല്‍സ്(CAIRP) റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം രണ്ടാം പാദത്തില്‍ 35,082 പേര്‍ കാനഡയില്‍ കണ്‍സ്യൂമര്‍ ഇന്‍സോള്‍വന്‍സിക്കായി അപേക്ഷ നല്‍കി. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍ 12,4 ശതമാനം വര്‍ധനവാണ് ബാങ്ക്‌റപ്റ്റസി സൂപ്രണ്ട് ഓഫീസ്(OSB) രേഖപ്പെടുത്തിയത്. 

കാനഡയിലെ ഉപഭോക്തൃ പാപ്പരത്തം നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി CAIRP കണ്ടെത്തി. കോവിഡ് പാന്‍ഡെമിക്കിന് മുമ്പ് 2019 അവസാനത്തോടെയാണ് ഫയലിംഗുകളുടെ എണ്ണം ഒരു പാദത്തില്‍ 35,000 കവിഞ്ഞത്. 2024 രണ്ടാം പാദത്തില്‍ ഓരോ ദിവസവും ശരാശരി 386 പേരാണ് പാപ്പരത്തിനായി ഫയല്‍ ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

2024 രണ്ടാം പാദത്തില്‍ 13,309 ഫയലിംഗുകളോടെ(18.3 ശതമാനം വര്‍ധന)ഒന്റാരിയോയിലാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് റിപ്പോര്‍ട്ട് ചെയ്തത്. ക്യുബെക്ക്( 8,594), ആല്‍ബെര്‍ട്ട( 4,900 ഫയലിംഗുകള്‍) എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള പ്രവിശ്യകള്‍. അതേസമയം, ബിസിനസ് ഇന്‍സോള്‍വന്‍സികള്‍ ഈ വര്‍ഷത്തെ ആദ്യ പാദത്തെ അപേക്ഷിച്ച് 23.1 ശതമാനം കുറഞ്ഞു.