ഹൂതികളെ കാനഡയുടെ ഭീകരവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പിയറി പൊലിയേവ്

By: 600002 On: Oct 11, 2024, 10:27 AM

 

കാനഡയുടെ ഭീകരവാദ സംഘടനകളുടെ പട്ടികയില്‍ ഹൂതികളെ ഉള്‍പ്പെടുത്തണമെന്ന് ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയറി പൊളിയേവ്. ജൂതവിരുദ്ധ വിദ്വേഷം കാനഡയില്‍ വര്‍ധിക്കുന്നതിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നോര്‍ത്ത് യോര്‍ക്കിലെ പ്രൈഡ് ഓഫ് ഇസ്രയേല്‍ സിനഗോഗില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പൊലിയേവ്. ഹൂതികള്‍ എന്നറിയപ്പെടുന്ന ഷിയ ഇസ്ലാമിസ്റ്റ് റാഡിക്കലുകളുടെ സംഘടനയായ അന്‍സാര്‍ അള്ളായെ അംഗീകൃത ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

ഹൂതികള്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ(IRCG)  മുന്നണിയാണ്. ലോകത്തിലെ വലുതും സംഘടിതവുമായ തീവ്രവാദ ഗ്രൂപ്പാണിത്. ഹമാസിനെയും ഹിസ്ബുള്ളയെയും പിന്തുണയ്ക്കുന്ന ഗ്രൂപ്പാണിതെന്നും പൊലിയേവ് പറഞ്ഞു. ഹൂതികളെ രാജ്യത്ത് നിയമപരമായി തുടരാനും പണം സമ്പാദിക്കാനും അത് കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കാനും ട്രൂഡോ സഹായം ചെയ്യുകയാണെന്ന് പൊലിയേവ് ആരോപിച്ചു. കാനഡ ആസ്ഥാനമായുള്ള സംഘടനയായ സമിഡൗണിനെതിരെ സമാനമായ നടപടികളെടുക്കാന്‍ പൊലിയേവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.