കാല്‍ഗറിയില്‍ നഗ്നനായെത്തിയ യുവാവ് സ്ത്രീയെ കടന്നുപിടിച്ചു; പ്രതിക്കായി അന്വേഷണം

By: 600002 On: Oct 10, 2024, 1:43 PM

 

 

 

കാല്‍ഗറിയില്‍ നഗ്നനായെത്തിയ യുവാവ് സ്ത്രീയെ കടന്നുപിടിച്ചതായി പരാതി. ഓഗസ്റ്റ് 3 ശനിയാഴ്ച പുലര്‍ച്ചെ 3.40 ഓടെ 17 അവന്യു, 5 സ്ട്രീറ്റ് എസ്ഡബ്ല്യുവില്‍ നടന്നുപോവുകയായിരുന്ന സ്ത്രീക്ക് നേരെയാണ് അതിക്രമം നടത്തിയത്. നഗ്നനായ അപരിചിതന്‍ പിറകിലൂടെ വന്ന് സ്ത്രീയെ സ്പര്‍ശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഞെട്ടിപ്പോയ യുവതി നിലവിളിച്ചതിനെ തുടര്‍ന്ന് യുവാവ് ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. പ്രദേശത്തുണ്ടായിരുന്നവര്‍ സംഭവം കണ്ട് ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സംഭവസ്ഥലത്തെത്തിയപ്പോഴേക്കും സ്ത്രീ നടന്നുനീങ്ങിയിരുന്നു. പ്രതിക്കായി പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. 

സംഭവത്തില്‍ പ്രധാന വിവരങ്ങള്‍ നല്‍കാനായി യുവതിയോട് പോലീസുമായി ബന്ധപ്പെടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 403-266-1234 എന്ന നമ്പറില്‍ പോലീസിനെ ബന്ധപ്പെടാനും അഭ്യര്‍ത്ഥിച്ചു.