ടൊറന്റോയ്ക്കും ക്യുബെക്ക് സിറ്റിക്കും ഇടയിലുള്ള അതിവേഗ റെയില്‍പാത ഗൗരവമായി പരിഗണിക്കുന്നു: ഫെഡറല്‍ ഗവണ്‍മെന്റ് 

By: 600002 On: Oct 10, 2024, 12:20 PM

 

 

ക്യുബെക്ക് സിറ്റിക്കും ടൊറന്റോയ്ക്കും ഇടയില്‍ രാജ്യത്തെ ആദ്യത്തെ അതിവേഗ റെയില്‍ ലിങ്ക് നിര്‍മിക്കുന്നത് ഫെഡറല്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് പബ്ലിക് സര്‍വീസസ് ആന്‍ഡ് പ്രൊക്യുര്‍മെന്റ് മിനിസ്റ്റര്‍ ജീന്‍-യെവ്‌സ് ഡക്ലസ് പറഞ്ഞു. ടൊറന്റോ, പീറ്റര്‍ബറോ, ഓട്ടവ, മോണ്‍ട്രിയല്‍, ട്രോയിസ് റിവിയേഴ്‌സ്, ലാവല്‍, ക്യുബെക്ക് സിറ്റി എന്നിവടങ്ങളില്‍ സ്‌റ്റോപ്പുകളുള്ള 'ഹൈ ഫ്രീക്വന്‍സി'(HER)  റെയില്‍ കോറിഡോര്‍ നിര്‍മിക്കാനുള്ള പദ്ധതികള്‍ 2021 ലാണ് ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.  പ്രഖ്യാപിക്കുന്ന വേളയില്‍ ആറ് ബില്യണ്‍ ഡോളറിനും 12 ബില്യണ്‍ ഡോളറിനും ഇടയിലാണ് നിര്‍മാണ ചെലവ് സര്‍ക്കാര്‍ കണക്കാക്കിയത്. 

പ്രൊജക്ടിനായി ഫെഡറല്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം മൂന്ന് യോഗ്യതയുള്ള ബിഡര്‍മാരെ കണ്ടെത്തി. ഇതില്‍ തിരഞ്ഞെടുക്കപ്പെടുന്ന ബിഡറുടെ പേര് ഉടന്‍ പ്രഖ്യാപിക്കുമെന്നും പുതിയ പ്രൊജക്ട് എങ്ങനെ പ്രവര്‍ത്തിക്കുമെന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും ഡക്ലസ് പറഞ്ഞു. 200 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനുകള്‍ ഇടനാഴിക്കായി ഫെഡറല്‍ കാബിനറ്റ് പരിഗണിക്കുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന.