ഐഎസില്‍ നിന്നും ഭീകരാക്രമണ ഭീഷണി ഉയരുന്നതായി മുന്നറിയിപ്പ് നല്‍കി ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സി മേധാവി 

By: 600002 On: Oct 10, 2024, 10:05 AM

 


ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ വഴി ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ നിന്നും അല്‍ഖ്വയ്ദയില്‍ നിന്നുമൊക്കെ ഭീഷണി ഉയരുന്നതായി മുന്നറിയിപ്പ് നല്‍കി ബ്രിട്ടീഷ് ഇന്റലിജന്‍സ് വിഭാഗമായ MI5 മേധാവി കെന്‍ മക്കല്ലം. കഴിഞ്ഞ മാസം ഏജന്‍സി നടത്തിയ അന്വേഷണങ്ങളില്‍ സംശയനിഴലിലായിരിക്കുന്ന മൂന്നിലൊന്ന് പേര്‍ക്കും വിദേശ തീവ്രവാദ സംഘടനകളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് MI5 ഡയറക്ടര്‍ ജനറല്‍ മക്കെല്ലം ലണ്ടനിലെ ആസ്ഥാനത്ത് നടന്ന വാര്‍ഷിക പൊതു പ്രസംഗത്തില്‍ പറഞ്ഞു. ഐഎസ് പോലുള്ള സഘടനയില്‍ ശത്രുതയുള്ള രാജ്യങ്ങളും സമൂലവല്‍ക്കരിപ്പെട്ട ആളുകളും ചേര്‍ന്ന് ഏറ്റവും സങ്കീര്‍ണവും ആശങ്കാപരവുമായ ഭീഷണി അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

അല്‍ഖ്വയ്ദയുടെയും ഐഎസിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പ് തന്നെ ആശങ്കാകുലനാക്കുന്നുണ്ടെന്ന് മക്കെല്ലം ചൂണ്ടിക്കാട്ടി. പലയിടങ്ങളിലും ഭീകരവാദികള്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ഇവ കണ്ടെത്തുക എന്നത് ദുഷ്‌കരമാണ്. യുവാക്കള്‍ ഭീകരവാദത്തിലേക്ക് തിരിയുന്നതും ഭയപ്പെടുത്തുന്ന സ്ഥിതിവിശേഷമാണ്. MI5 ഉം മറ്റ് നിരവധി യൂറോപ്യന്‍ ഏജന്‍സികളും രാജ്യത്ത് ഐഎസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടയാനുള്ള ശ്രമങ്ങളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.