വാന്‍കുവര്‍ അഗ്നിശമന സേനാംഗങ്ങളുടെ യൂണിഫോം മോഷ്ടിക്കപ്പെട്ടു; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആര്‍സിഎംപി 

By: 600002 On: Oct 9, 2024, 6:56 PM

 

 

വാന്‍കുവറില്‍ മോഷ്ടാവ് ഡ്രൈ ക്ലീന്‍ കടയില്‍ അതിക്രമിച്ച് കയറി അഗ്നിശമന സേനാംഗങ്ങളുടെ യൂണിഫോം മോഷ്ടിച്ചു. സംഭവത്തെ തുടര്‍ന്ന് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ത്ത് വാന്‍കുവര്‍ ആര്‍സിഎംപി അറിയിച്ചു. കൂടാതെ, യൂണിഫോമുകള്‍ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായവും പോലീസ് അഭ്യര്‍ത്ഥിച്ചു. ഒക്ടോബര്‍ 5 ശനിയാഴ്ച നഗരത്തിലെ വെസ്റ്റ് 3 സ്ട്രീറ്റിലെ 900 ബ്ലോക്കിലുള്ള ഡ്രൈ ക്ലീന്‍ കടയില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് യൂണിഫോം മോഷ്ടിക്കുകയായിരുന്നു. കടയിലെ സിസിടിവിയില്‍ മോഷ്ടാവ് അതിക്രമിച്ച് കയറി റാക്കില്‍ നിന്നും നോര്‍ത്ത് വാന്‍കുവര്‍ സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ യൂണിഫോമുകള്‍ മോഷ്ടിക്കുന്നത് വ്യക്തമാണെന്ന് പോലീസ് പറഞ്ഞു. യൂണിഫോമില്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചിഹ്നങ്ങള്‍ പതിച്ച നാല് ഷര്‍ട്ടുകളും രണ്ട് ജോഡി കറുത്ത പാന്റുകളും ഉള്‍പ്പെടുന്നു. 

യൂണിഫോം ധരിച്ച് അഗ്നിശമന സേനാംഗമായി ആള്‍മാറാട്ടം നടത്തി കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ മോഷ്ടാവ് ശ്രമിച്ചേക്കുമെന്ന് പോലീസ് ആശങ്കപ്പെടുന്നുണ്ട്. അഗ്നിശമന സേനാംഗങ്ങളുടെ യൂണിഫോം ധരിച്ച് സംശയാസ്പദമായി ആരെയെങ്കിലും കണ്ടെത്തിയാല്‍ വിവരം അറിയിക്കണമെന്നും ജീവനക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.