അന്താരാഷ്ട്ര തലത്തില്‍ പരിശീലനം നേടിയ ഡോക്ടര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള മൂല്യനിര്‍ണയ സമയം കുറയ്ക്കുമെന്ന് നോവ സ്‌കോഷ്യ. പ്രവിശ്യയില്‍ അന്താരാഷ്ട്ര തലത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദഗ്ധരായ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാനുള്ള പുതിയ പ്രോഗ്രാം ആരംഭിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു. ഹാലിഫാക്‌സ് ആസ്ഥാനമായി പുതിയ ക്ലിനിക്ക് ആരംഭിക്കുന്നതായി പ്രീമിയര്‍ ടിം ഹൂസ്റ്റണ്‍ അറിയിച്ചു. ഈ ക്ലിനിക്ക് അന്താരാഷ്ട്ര മെഡിക്കല്‍ ബിരുദധാരികളുടെ കഴിവുകള്‍ വിലയിരുത്തുമെന്നും വിദേശ റിക്രൂട്ട്‌മെന്റുകള്‍ വഴി ഏകദേശം 2,500 രോഗികള്‍ക്ക് പ്രാഥമിക പരിചരണം നല്‍കുമെന്നും ഹൂസ്റ്റണ്‍ വ്യക്തമാക്കി.
പുതിയ പ്രോഗ്രാം വഴി ഉദ്യോഗാര്‍ത്ഥികളുടെ മൂല്യനിര്‍ണ്ണയ സമയം നിലവിലെ 18 മാസത്തില്‍ നിന്ന് ഏകദേശം 12 ആഴ്ചകളായി കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. നോവസ്‌കോഷ്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന മെഡിക്കല്‍ ബിരുദധാരികളെ പ്രോഗ്രാം ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. പ്രോഗ്രാമില്‍ ചേരുന്ന ബിരുദധാരികള്‍ക്ക് പ്രവിശ്യയില്‍ പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്‍സ് ലഭിക്കും. കൂടാതെ, പ്രവിശ്യയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും ജോലി ചെയ്യുന്നതിനുള്ള ഒരു കരാറില്‍ ഒപ്പിടേണ്ടതുണ്ട്.
അസസ്‌മെന്റ് പ്രോഗ്രാം പൂര്‍ണമായി വിപുലീകരിച്ചുകഴിഞ്ഞാല്‍ പ്രതിവര്‍ഷം ഏകദേശം 45 ലൈസന്‍സുകള്‍ നല്‍കുമെന്നും ഹൂസ്റ്റണ്‍ അറിയിച്ചു.