നോര്‍ത്ത്ഈസ്റ്റ് കാല്‍ഗറിയില്‍ ടൗണ്‍ഹൗസ് സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തിനുത്തരവാദിയായ കാല്‍ഗറി സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ പരുക്കേറ്റ ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഗാവിന്‍ പീറ്റര്‍ എന്ന 40 കാരനെതിരെ മനുഷ്യ ജീവന്‍ അപകടത്തിലാക്കുക, തീകൊളുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയതായി കാല്‍ഗറി പോലീസ് പറഞ്ഞു. റോബിന്‍സണെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയേക്കാമെന്നും പോലീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ 11 മണിയോടെ മോണ്ടെറി പാര്‍ക്കിനടുത്തുള്ള ലാസ് അമേരിക്കാസ് വില്ലാസ് നോര്‍ത്ത്ഈസ്റ്റിലെ 0-100 ബ്ലോക്കിലെ ഒരു ടൗണ്‍ഹൗസിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ടൗണ്‍ഹൗസിന് ചുറ്റുമുള്ള പ്രദേശത്ത് അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുകയായിരുന്നു. കൂടാതെ സ്‌ഫോടനത്തെതുടര്‍ന്ന വന്‍ തീപിടുത്തം ഉണ്ടാവുകയും കനത്ത പുക ഉയരുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തത്തില്‍ പൊള്ളലേറ്റ ആറ് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില അതീവഗുരുതരമാണെന്നും മറ്റൊരാളുടെ പരുക്കുകള്‍ സാരമുള്ളതാണെന്നും കാല്‍ഗറി പോലീസ് അറിയിച്ചു. മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.