റിയാദ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറിന്‍റെ നിർമാണം ജിദ്ദയിൽ പുനരാരംഭിച്ചു. കിങ്ഡം ഹോൾഡിങ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ജിദ്ദ ഇക്കണോമിക് കമ്പനിയാണ് ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം നിർമാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങിയത്. 2028-ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു കിലോമീറ്ററിലധികം ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അംബരചുംബിയായി ഇത് മാറുന്നതിനാൽ ഇതിനെ സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട വാസ്തുവിദ്യാ പദ്ധതികളിലൊന്നായാണ് കണക്കാക്കുന്നത്.
2013-ലാണ് നിർമാണം ആരംഭിച്ചത്. 157 നിലകളിൽ പടുത്തുയർത്തപ്പെടുന്ന ടവർ കോംപ്ലക്സിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ, സാദാ ഹോട്ടലുകൾ, ടൂറിസ്റ്റ് റിസോർട്ടുകൾ, ഷോപ്പിങ് മാൾ, വ്യാപാര സ്ഥാപനങ്ങൾ, റസിഡൻഷ്യൽ യൂനിറ്റുകൾ, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നിരീക്ഷണ ഗോപുരം, വിനോദ കേന്ദ്രങ്ങൾ എന്നിവയാണുണ്ടാവുക. 157 നിലകളിൽ 63 നിലകളുടെ നിർമാണം പൂർത്തിയായി. 59 എലിവേറ്ററുകളും 12 എസ്കലേറ്ററുകളും സ്ഥാപിച്ചുകഴിഞ്ഞു. 80 ടൺ സ്റ്റീലും എനർജി ഇൻസുലേറ്റിങ് ഗ്ലാസും കൊണ്ടുള്ള മുൻഭാഗങ്ങളുടെ നിർമാണവും ഇതിനകം പൂർത്തിയായി. നിർമാണം പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ച് ടവറുകളിൽ രണ്ട് ടവറുകളുള്ള ഏക രാജ്യമായി സൗദി അറേബ്യ മാറും. ഒരു കിലോമീറ്റർ ഉയരമുള്ള ഈ ജിദ്ദ ടവർ കൂടാതെ മറ്റൊന്ന് 601 മീറ്റർ ഉയരമുള്ള മക്കയിലെ ക്ലോക്ക് ടവറാണ്.