കാപ്പിയും ജ്യൂസും അമിതമായി കുടിക്കുന്നവരാണോ? സ്‌ട്രോക്കിന് കാരണമാകുമെന്ന് പഠനം 

By: 600002 On: Oct 8, 2024, 12:17 PM

 

 

പലരുടെയും ഇഷ്ട പാനീയങ്ങളില്‍ പ്രധാനികളാണ് കാപ്പിയും ജ്യൂസുമൊക്കെ. എന്നാല്‍ പുതിയ പഠനങ്ങള്‍ അനുസരിച്ച് ജ്യൂസ്, കാപ്പി, ഗ്യാസ് നിറച്ചതായ പാനീയങ്ങള്‍ എന്നിവ സ്ഥിരമായി കുടിക്കുന്നത് സ്‌ട്രോക്ക് സാധ്യത വര്‍ധിപ്പിക്കും. പഠനപ്രകാരം ഒരു ഗ്ലാസോ അല്ലെങ്കില്‍ നാലോ അതില്‍ കൂടുതലോ കുടിക്കുന്നത് സ്‌ട്രോക്ക് സാധ്യത കൂട്ടുന്നു. എന്നാല്‍ കട്ടന്‍ ചായയും ഗ്രീന്‍ ടീയും കുടിക്കുന്ന ഈ അപകട സാധ്യത ഇല്ലാതാക്കുമെന്നും പറയുന്നുണ്ട്. ദിവസവും ഏഴ് ഗ്ലാസ് വെള്ളം കുടിച്ചാല്‍ സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കാം. ഇന്റര്‍സ്‌ട്രോക്ക് റിസേര്‍ച്ചിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ജേര്‍ണല്‍ ഓഫ് സ്‌ട്രോക്കിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നാല് കപ്പില്‍ കൂടുതല്‍ കാപ്പി കുടിക്കുന്നത് സ്‌ട്രോക്കിന്റെ സാധ്യത വളരെയധികം വര്‍ധിപ്പിക്കും. എന്നാല്‍ മറുവശത്ത് ഇതേ അളവില്‍ കട്ടന്‍ ചായ കുടിക്കുന്നത് ഈ അപകടം കുറയ്ക്കുമെന്നുമാണ് പഠനം പറയുന്നത്. കാര്‍ബോണൈറ്റ് ചെയ്ത് അമിതമായി മധുരവും പ്രിസര്‍വേറ്റീവിസും അടങ്ങുന്ന പാനീയങ്ങള്‍ ദിവസവും കുടിക്കുന്നത് 22 ശതമാനമാണ് സ്‌ട്രോക്ക് സാധ്യത വര്‍ധിപ്പിക്കുന്നത്. രണ്ട് പാനീയങ്ങളും ഒരു ദിവസം ഒരുമിച്ച് കുടിക്കുന്നത് സ്‌ട്രോക്ക് സാധ്യത ഇരട്ടിയാക്കുന്നു. വിപണിയില്‍ ജ്യൂസെന്ന പേരില്‍ ലഭിക്കുന്ന മിക്ക പാനീയങ്ങളിലും അമിതമായ മധുരവും പ്രിസര്‍വേറ്റീവ്‌സും അടങ്ങിയിട്ടുണ്ട്. ഇവ കുടിക്കുന്നത് സ്‌ട്രോക്ക് വരാന്‍ 37 ശതമാനം വരെ സാധ്യത കൂട്ടുന്നുണ്ട്. അമിതമായി ഇത്തരം ജ്യൂസ് കുടിക്കുന്നത് സ്‌ട്രോക്ക് വരാനുള്ള സാധ്യത മൂന്ന് മടങ്ങ് ഉയര്‍ത്തുന്നു. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് ഈ പ്രശ്‌നം കൂടുതലായി കാണപ്പെടുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.