കാനഡയിലെ പ്രധാന സെല്‍ഫോണ്‍ കമ്പനികള്‍ അവരുടെ അന്താരാഷ്ട്ര റോമിംഗ് നിരക്കുകള്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ അഫോര്‍ഡബിളാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് കനേഡിയന്‍ റേഡിയോ ടെലിവിഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ (സിആര്‍ടിസി). ബിസിഇ ഇന്‍ക്, റോജേഴ്‌സ് കമ്മ്യൂണിക്കേഷന്‍സ് ഇന്‍ക്, ടെലസ് കോര്‍പ്പറേഷന്‍ എന്നിവയോടാണ് നിരക്ക് വര്‍ധന കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശയാത്രയ്ക്കിടെ കനേഡിയന്‍ പൗരന്മാര്‍ അഭിമുഖീകരിക്കുന്ന സെല്‍ഫോണ്‍ നിരക്ക് വര്‍ധന സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഉത്തരവ്. കമ്പനികള്‍ സ്വീകരിക്കുന്ന നടപടികള്‍ സിആര്‍ടിസിയെ അറിയിക്കാന്‍ നവംബര്‍ 4 വരെ സമയം നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ വേണ്ടത്ര പുരോഗതി കൈവരിക്കുന്നില്ലെന്ന് കണ്ടെത്തിയാല്‍ കമ്പനികള്‍ക്കെതിരെ പൊതു നടപടി ആരംഭിക്കുമെന്ന് സിആര്‍ടിസി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം വ്യവസായ മന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ന്‍ വയര്‍ലെസ് റോമിംഗ് ഫീസ് പരിശോധിക്കാന്‍ റെഗുലേറ്ററോട് ആവശ്യപ്പെട്ടിരുന്നു. മറ്റ് അധികാരപരിധിയിലെ ഫോണ്‍ ബില്ലുകള്‍ പൊതുവെ കുറയുമ്പോള്‍ കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ തനിക്ക് ആശങ്കയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.