മിസ്സിസാഗയില്‍ ട്രാഫിക് സ്റ്റോപ്പിനിടെ ഊബര്‍ കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പ്രതിയെ പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും നിരായുധനാക്കാന്‍ ശ്രമിക്കുകയും ചെയ്ത ഒന്റാരിയോ ഡെന്‍ഫീല്‍ഡിലുള്ള ജസ്റ്റിന്‍ ഹാക്ക് (22) എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വധഭീഷണി, വാഹനമോഷണം, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി.
ഡിക്‌സ് റോഡിന് സമീപം ക്വീന്‍ എലിസബത്ത് വേയില്‍ ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് സംഭവം നടന്നതെന്ന് ഒന്റാരിയോ പോലീസ് സര്‍വീസ് പറഞ്ഞു. ഡ്രൈവറെ ഗുരുതരമായി പരുക്കേല്‍പ്പിച്ച് പ്രതി കാറുമായി കടന്നുകളയുകയായിരുന്നു. കുറച്ച് നേരത്തിന് ശേഷം സംഭവമറിഞ്ഞെത്തിയ ടൊറന്റോ പോലീസ് സര്‍വീസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കിടയില്‍ പ്രതിയെ കണ്ടെത്തി. പ്രതിയുമായി സംഘര്‍ഷമുണ്ടാവുകയും പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതി പോലീസിന്റെ പക്കല്‍ നിന്നും ആയുധം തട്ടിയെടുക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിനൊടുവില്‍ പോലീസ് പ്രതിയെ കീഴടക്കി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചെറിയ പരുക്കുകളേറ്റ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.