വാടകയ്ക്ക് മുറിയെടുത്തയാള്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതോടെ വന്‍ നഷ്ടം സംഭവിച്ചിരിക്കുകയാണ് ടൊറന്റോയിലെ എയര്‍ബിഎന്‍ബി ഹോസ്റ്റായ ഡാനിയേലിന്. കഴിഞ്ഞ ഡിസംബര്‍ 13 നാണ് സംഭവം നടന്നത്. എയര്‍ബിഎന്‍ബി ഹോസ്റ്റായ ഡാനിയേലില്‍(പൂര്‍ണ നാമമല്ല) നിന്നും മുറി വാടകയ്‌ക്കെടുത്ത 34 കാരിയായ സാറ സ്റ്റാനിസ്‌സെവ്‌സിക്കിനെയാണ് മയക്കുമരുന്ന് കേസിലും തോക്ക് അനധികൃതമായി കൈവശം വെച്ച കേസിലും പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ചെക്ക്ഔട്ട് ഡേറ്റിന് അഞ്ച് ദിവസം മുമ്പാണ് അറസ്റ്റ് നടന്നത്. കൂടാതെ ആ യൂണിറ്റ് മുഴുവന്‍ പോലീസ് റെയ്ഡ് നടത്തുകയും ചെയ്തു. സ്റ്റാനിസെവ്‌സ്‌കി കിക്കിന് ക്രിമിനല്‍ സംഘടനയുമായി ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു.
അറസ്റ്റിന് ശേഷം വാടകയ്ക്ക് നല്‍കിയ മുറിയില്‍ നിന്നും സ്റ്റാനിസെവ്‌സ്‌കിയുടെ സാധനങ്ങള്‍ നീക്കിയില്ല. മാത്രവുമല്ല, ഗാരേജില്‍ നിന്നും മെഴ്‌സിഡസ് ബെന്‍സ് മാറ്റിയില്ല. ഇത് തനിക്ക് നഷ്ടമുണ്ടാക്കിയതായി ഡാനിയേല്‍ പറഞ്ഞു. മുറിയില്‍ നിന്നും യുവതിയുടെ വസ്തുക്കള്‍ പ്രാദേശിക അധികാരികള്‍ക്ക് കൈമാറാന്‍ ഒരു മാസത്തിലേറെയെടുത്തു. ഇതിനിടയില്‍, അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് നല്‍കാന്‍ കഴിയാതെ 28,000 ഡോളറിന്റെ പുതിയ ബുക്കിംഗ് റദ്ദാക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 14 മുതല്‍ ഡിസംബര്‍ 18 വരെയായിരുന്നു സ്റ്റാനിസെവ്‌സ്‌കിയുടെ ബുക്കിംഗ്. വന്‍ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഓട്ടവ പോലീസ് ഗാറ്റിന്വേ സ്വദേശിനിയെ അറസ്റ്റ് ചെയ്തു. സ്റ്റാനിസെവ്‌സ്‌കിയ്‌ക്കെതിരെ പത്തോളം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഒരാഴ്ചയ്ക്ക് ശേഷം യുവതി ജാമ്യത്തില്‍ പുറത്തിറങ്ങി. എന്നാല്‍ തന്റെ വസ്തുക്കള്‍ തിരിച്ചെടുക്കാന്‍ മുറിയില്‍ തിരിച്ചെത്തിയില്ലെന്നും തന്റെ മെസേജുകളോട് പ്രതികരിച്ചില്ലെന്നും ഡാനിയേല്‍ പറഞ്ഞു.